games

ശ്രീകൃഷ്ണപുരം: സംസ്ഥാന സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് അഞ്ചിലെ മത്സരങ്ങൾക്ക് ഇത്തവണ ജില്ല ആതിഥേയത്വം വഹിക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 14,17,19 വിഭാഗം ഫുട്‌ബാൾ മത്സരങ്ങൾ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് ഗ്രൗണ്ടിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 19 വിഭാഗം സെപക് താക്രോ, ത്രോബാൾ ഇനങ്ങൾ തൃക്കടീരി പി.ടി.എം.എച്ച്.എസ്.എസിലും 11 മുതൽ 17 വരെ നടക്കും. 14 ജില്ലകളിൽ നിന്നായി രണ്ടായിരത്തി മുന്നൂറോളം താരങ്ങൾ മൂന്നിനങ്ങളിലായി പങ്കെടുക്കും. മത്സരങ്ങൾ രാവിലെ ഏഴിന് ആരംഭിക്കും. ദേശീയ ഗെയിംസിനുള്ള സംസ്ഥാന ടീം സെലക്ഷനും മത്സരങ്ങളോട് അനുബന്ധിച്ച് നടക്കും. ഫുട്‌ബാൾ ടീമിലെ ആൺകുട്ടികൾക്ക് ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലും പെൺകുട്ടികൾക്ക് സെന്റ് ഡൊമിനിക്‌കോൺവെന്റ് സ്‌കൂളിലും സെപക് താക്രോ, ത്രോബോൾ ടീമുകൾക്ക് തൃക്കടീരി പി.ടി.എം.എച്ച്.എസ്.എസ്, കുറ്റിക്കോട് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിലുമാണ് താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അവലോകനയോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോർട്സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ, സബ് കമ്മിറ്റി കൺവീനർമാ‌ർ,​ സ്‌പോർട്സ് ജില്ലാ ഓർഗനൈസർ ജിജി ജോസഫ്, നോഡൽ ഓഫീസർ പി. തങ്കപ്പൻ, എ.ഇ.ഒമാരായ ലത, കുഞ്ഞിലക്ഷ്മി സംസാരിച്ചു.