farmer

ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികവും ഇന്നും പ്രധാന ഉപജീവനമാർഗമായി കാണുന്നത് കൃഷിയെയാണ്. അതിനാൽ, കാർഷിക മേഖലയിൽ നടപ്പാക്കുന്ന സകല പരിഷ്‌കാരങ്ങളും നിയമ നിർമ്മാണങ്ങളുമെല്ലാം കോടിക്കണക്കിന് മനുഷ്യരെ നേരിട്ട് ബാധിക്കും.

കാർഷിക മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കർഷകരുടെ സ്വാശ്രയത്വത്തെ പൂർണമായും ഇല്ലാതാക്കിയെന്നത് ഗുരുതര പ്രശ്നമാണ്. ഇതോടെ കൂടിയ വിലയ്ക്ക് വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാൻ അവർ നിർബന്ധിതരായി. കൂടാതെ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും വിളനാശവും ഇരട്ടിയാക്കിയതോടെ കേരളത്തിൽ കൃഷി ആദായകരമല്ലാതായി. ഇതോടെ പലരും ഉപജീവനത്തിനായി മറ്റ് മാർഗങ്ങൾ തേടിപ്പോകാൻ തുടങ്ങിയിട്ടുണ്ട്. വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും വട്ടിപ്പലിശയ്ക്ക് പണം വാങ്ങിയും കൃഷിയിറക്കിയ ചെറുകിട - ഇടത്തരം കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിക്കാതെ വന്നതോടെ അവരിൽ ഭൂരിഭാഗവും ആത്മഹത്യയുടെ വക്കിലാണ്.

കേരളത്തിൽ കർഷകരുടെ കടബാദ്ധ്യതകളും ആത്മഹത്യാനിരക്കും അപകടകരമായ വിധത്തിൽ ഉയർന്നുവരികയാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിലെ കർഷകസമൂഹം നിലവിൽ അനുഭവിക്കുന്ന കടബാദ്ധ്യതകളെക്കുറിച്ചും അനുബന്ധ പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കർഷകരുടെ കടബാദ്ധ്യതയുടെ വ്യാപ്തിയും ആഴവും മനസിലാക്കാൻ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ)ന്റെ നേതൃത്വത്തിൽ പഠനം നടന്നതും റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും.

സർവേയിലെ

കണ്ടെത്തലുകൾ

കേരളത്തിലെ 72 ശതമാനം കർഷകരും കടക്കെണിയിലാണ്. ഒരു കർഷകന്റെ ശരാശരി കടബാദ്ധ്യത 5.46 ലക്ഷം രൂപയാണ്. 2019ലെ ദേശീയ സാംപിൾ സർവേ അനുസരിച്ച് കേരളത്തിലെ കാർഷിക കടബാദ്ധ്യത നിരക്ക് 70 ശതമാനവും ശരാശരി കടബാദ്ധ്യത 2.42 ലക്ഷം രൂപയുമായിരുന്നു. കിഫ സർവേപ്രകാരം കടബാദ്ധ്യത നിരക്ക് രണ്ട് ശതമാനം വർദ്ധിച്ചപ്പോൾ ശരാശരി കടബാദ്ധ്യത മൂന്ന് വർഷം കൊണ്ട് ഇരട്ടിയിലേറെയായി. ഏലം, പൈനാപ്പിൾ കർഷകരാണ് വൻ കടബാദ്ധ്യതയുള്ളവർ. കേരളത്തിൽ മലബാറിലാണ് ഏറ്റവും കൂടുതൽ കർഷകർ കടക്കെണിയിലായിരിക്കുന്നത്. തിരുവിതാംകൂറിൽ 70 ശതമാനവും കൊച്ചിയിൽ 68 ശതമാനവുമാണെങ്കിൽ മലബാറിലത് 77 ശതമാനമാണ്. കേരളത്തിലെ 26 ശതമാനം കർഷകർക്ക് ഒന്നിൽ കൂടുതൽ വായ്പാബാദ്ധ്യതയുണ്ട്. 65 ശതമാനം കർഷകർ തങ്ങളുടെ കൈവശമുള്ള മുഴുവൻ ഭൂമിയും ബാങ്കിൽ പണയംവച്ചിട്ടുണ്ട്. 57ശതമാനം കർഷകരും താമസിക്കുന്ന വീടുകൾ ഉൾപ്പെടെ പണയത്തിലാണ്. 68ശതമാനം കർഷകർ കാർഷിക വായ്പയ്ക്ക് പുറമേ സ്വർണവായ്പയും എടുത്തിട്ടുണ്ട്. 16 ശതമാനം പേർ 10 ലക്ഷത്തിനു മുകളിൽ വായ്പ എടുത്തവരാണ്. 29 ശതമാനം പേർ രണ്ടുലക്ഷത്തിൽ താഴെ വായ്പ എടുത്തവരാണ്. ഏറ്റവും കൂടുതൽ കർഷകർ ലോൺ എടുത്തിരിക്കുന്നത് ഷെഡ്യൂൾഡ് കൊമേഷ്യൽ ബാങ്കുകളിൽ നിന്നാണ്, 47ശതമാനം. കുടിശികയില്ലാതെ കൃത്യമായി ലോൺ അടയ്ക്കുന്നവർ 51 ശതമാനം മാത്രമാണ്.

കുറഞ്ഞ പലിശയുള്ള

ലോൺ ലഭിക്കുന്നില്ല

കർഷകർക്ക് ഏറ്റവും ഗുണകരമാവേണ്ട കിസാൻ ക്രെഡിറ്റ് കാർഡ് വഴി നാല് ശതമാനം മാത്രം പലിശയുള്ള കാർഷിക ലോൺ എടുത്തവർ വെറും 48 ശതമാനം മാത്രമാണ്. ഇന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും പലിശ കുറവുള്ള ഇത്തരം കാർഷിക ലോണുകൾ പകുതി കർഷകർക്ക് പോലും ലഭിക്കുന്നില്ല എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. നിലവിൽ സ്വർണ്ണം ഈടായി നൽകിയാൽ മാത്രമേ ഈ സ്‌കീമിൽ ലോൺ കിട്ടുകയുള്ളൂ എന്നത് വസ്തുതയാണെങ്കിലും 68 ശതമാനം കർഷകർ കൃഷിഭൂമി പണയം വച്ചുള്ള വായപ്കൾക്കു പുറമേ സ്വർണ്ണം പണയംവച്ചും വായ്പകൾ എടുത്തിട്ടുണ്ട്. എല്ലാ യോഗ്യതയും ഉണ്ടായിട്ടും കെ.സി.സി സ്‌കീമിൽ കർഷകർക്ക് ലോൺ കൊടുക്കാൻ ബാങ്കുകൾ മടിക്കുന്നു എന്നുവേണം കരുതാൻ. ഇത് അടിയന്തരമായി തിരുത്തേണ്ടതാണ്.

ശരണം പ്രൈവറ്റ്

ബാങ്കുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാങ്കിംഗ് സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും ഇപ്പോഴും 21 ശതമാനം കർഷകർ പ്രൈവറ്റ് ബാങ്കുകളെയോ സ്വകാര്യ പലിശക്കാരെയോ ആശ്രയിക്കുന്നു എന്നത് ദുരവസ്ഥയാണ്. വായ്പ എടുത്ത 63 ശതമാനം പേരും തങ്ങളുടെ മുഴുവൻ ഭൂമിയും ബാങ്കിൽ പണയം വച്ചിട്ടുണ്ട് . അതിൽത്തന്നെ 57 ശതമാനം ആളുകളുടെ ഇപ്പോൾ താമസിക്കുന്ന വീടും പണയ വസ്തുവിൽ ഉൾപ്പെടുന്നുണ്ട്. ഈ ലോണുകൾ തിരിച്ചടയ്‌ക്കുന്നതിൽ അവർ പരാജയപ്പെടുകയും ബാങ്ക് റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുകയും ചെയ്താൽ ഇത്തരം ആളുകൾ ചുരുങ്ങിയകാലം കൊണ്ട് ഭൂരഹിതർ മാത്രമല്ല ഭവനരഹിതരുമായി മാറുന്ന അപകടകരമായ സ്ഥിതിവിശേഷമുണ്ടാകും.

വെറും 51ശതമാനം കർഷകർക്കു മാത്രമേ കുടിശ്ശിക വരുത്താതെ തിരിച്ചടവ് നടത്താൻ സാധിക്കുന്നുള്ളൂ. 29 ശതമാനം കർഷകർ കുറച്ചൊക്കെ തിരിച്ചടച്ചിട്ടുണ്ടെങ്കിലും 20 ശതമാനം കർഷകർക്ക് ഇതുവരെ യാതൊന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ കടംവാങ്ങിയ മുഴുവൻ തുകയും കുടിശ്ശികയായി അവശേഷിക്കുന്നു. 49 ശതമാനമെന്ന മൊത്തത്തിലുള്ള കുടിശ്ശിക നിരക്കും 20 ശതമാനം എന്ന സമ്പൂർണ കുടിശ്ശിക നിരക്കും കേരളത്തിന്റെ കാർഷിക മേഖല ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ അടിസ്ഥാന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നു.

സംസ്ഥാനത്തെ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന 14 ശതമാനം കർഷകർക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. മേഖല തിരിച്ചുള്ള കണക്കിൽ തിരുവിതാംകൂറിലെ കർഷകരാണ് ഏറ്റവും കൂടുതൽ ജപ്തി നടപടികൾ നേരിടുന്നത്. 21 ശതമാനം. നിലവിൽ ജപ്തി നടപടികൾക്ക് വിധേയമായി സ്ഥലം നഷ്ടപെട്ടവർ രണ്ട് ശതമാനമാണ്.

ഏലം, പൈനാപ്പിൾ

കർഷകർ പ്രതിസന്ധിയിൽ

വായ്പ എടുത്തവരുടെ ശതമാനക്കണക്കിലും, ശരാശരി വായ്പാ തുകയിലും ഏലം, പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകരാണ് ഏറ്റവും കൂടുതൽ കടക്കെണിയിലുള്ളത്. സംസ്ഥാന ശരാശരിയായ 72 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, പൈനാപ്പിൾ, ഏലം കർഷകർക്കിടയിലെ കടബാദ്ധ്യത യഥാക്രമം 80ശതമാനം, 78 ശതമാനം എന്ന തോതിൽ ഉയർന്നിരിക്കുന്നു. അതോടൊപ്പം തന്നെ ഇവരുടെ ശരാശരി കടബാദ്ധ്യത സംസ്ഥാന ശരാശരിയേക്കാൾ 1.3 മടങ്ങ് കൂടുതലുമാണ്.

എങ്ങനെ പരിഹരിക്കാം

കാർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ഇടപെടലാണ് ആവശ്യം. പലിശയും പിഴപ്പലിശയും എഴുതിത്തള്ളുക എന്നതാണ് പ്രധാനം. അതിനു ശേഷം മുതൽ തിരിച്ചടക്കാൻ കൂടുതൽ സാവകാശവും കൊടുത്തുകൊണ്ട് മാത്രമേ ഈ ഗുരുതരമായ പ്രതിസന്ധിയിൽ നിന്ന് കേരളത്തിലെ കാർഷിക സമൂഹത്തിനു കരകയറാൻ കഴിയൂ. എന്നുമാത്രമല്ല വന്യമൃഗശല്യവും കീടബാധയും തെങ്ങ്, കമുക്, കുരുമുളക്, ഏലം, റബർ ഉൾപ്പെടെയുള്ള എല്ലാ പ്രധാന വിളകളുടെയും ഉൽപാദനക്ഷമത കുറഞ്ഞതും വിലയിടിവും കർഷകരുടെ ലോൺ തിരിച്ചടയ്ക്കൽ ശേഷിയെ ദോഷകരമായി ബാധിക്കുന്നു

ണ്ട്. ഇതെല്ലാം പരിഗണിച്ചുവേണം ആശ്വാസ നടപടികൾക്ക് തുടക്കം കുറിക്കാൻ.