pady

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം 40% പൂർത്തിയായിട്ടും നെ​ല്ലിന്റെ വി​ല കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. നെല്ലളന്ന തുക വൈകുന്നതോടെ ക​ടം വാ​ങ്ങി​യും വാ​യ്പ ത​ര​പ്പെ​ടു​ത്തി​യും ര​ണ്ടാം വി​ള ഒ​രു​ക്കേ​ണ്ട ഗതികേടിലാണ് ക​ർ​ഷ​ക​ർ.

പി.​ആ​ർ.​എ​സ് വാ​യ്പ പ​ദ്ധ​തി അ​വ​സാ​നി​പ്പി​ച്ച് ഈ ​വ​ർ​ഷം മു​ത​ൽ പ​ണം നേ​രി​ട്ട് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​തി​നാണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർഷ്യം രൂ​പീകരിച്ചത്. സ​പ്ലൈ​കോ ഇ​തി​ൽ​ നി​ന്ന് 2,500 കോ​ടി വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​തു​ക​യാ​ണ് നെ​ല്ലി​ന്റെ വി​ല​യാ​യി ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ന​ൽ​കു​ക. താ​ങ്ങു​വി​ല കി​ലോ​ഗ്രാ​മി​ന് 28.20 രൂ​പ​യാണ് നി​ശ്ച​യി​ച്ചത്. ഇതിന് പു​റ​മേ കി​ലോയ്ക്ക് 12 പൈ​സ കൈ​കാ​ര്യ ചെ​ല​വു​കൂ​ടി ല​ഭി​ക്കും. എ.​ടി.എം കാ​ർ​ഡ്, ചെ​ക്ക്, പ​ണം പി​ൻ​വ​ലി​ക്ക​ൽ ഫോം ​എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് തു​ക​യെ​ടു​ക്കാം.

2017ൽ ​ആ​രം​ഭി​ച്ച പി.​ആ​ർ.​എ​സ് വാ​യ്പ പ​ദ്ധ​തി ഇ​നി ഉ​ണ്ടാ​വി​ല്ല. തു​ട​ക്ക​ത്തി​ൽ ഒ​മ്പ​ത് പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളും കേ​ര​ള ബാ​ങ്കും പ​ദ്ധ​തി​യിലു​ണ്ടാ​യി​രു​ന്നു. സ​പ്ലൈ​കോ പാ​ഡി മാ​ർ​ക്ക​റ്റിംഗ് ഓ​ഫീസ​ർ ന​ൽ​കു​ന്ന പി.​ആ​ർ.​എ​സ് ബാ​ങ്കു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രാ​ഴ്ചയ്​ക്കു​ള്ളി​ൽ അ​ള​ന്ന നെ​ല്ലി​ന്റെ സം​ഖ്യ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് വാ​യ്പ​യാ​യി ന​ൽ​കും. ഈ ​സം​ഖ്യ പി​ന്നീ​ട് സ​ർ​ക്കാ​ർ 9.5% പ​ലി​ശ സ​ഹി​തം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കും. പ​ണം ന​ൽ​കു​ന്ന ക​ർ​ഷ​ക​ന്റെ പേ​രിൽ വാ​യ്പ​യാ​യി​ട്ടാ​ണ് ബാ​ങ്കു​ക​ൾ ഇ​ത് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ ന​ൽ​കി​യ തു​ക സ​ർ​ക്കാ​ർ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ പ്രതിസന്ധിയിലായി. കു​ടി​ശ്ശി​ക​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ളി​ൽ​ നി​ന്ന് നേ​രി​ട്ട് വാ​യ്പ​യെ​ടു​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. വാ​യ്പ അ​നു​വ​ദി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യ സി​ബി​ൽ റേ​റ്റി​ലും ക​ർ​ഷ​ക​ന് തി​രി​ച്ച​ടി​യാ​യി​. തി​രി​ച്ച​ട​വ് നീ​ണ്ടു​പോ​യ​തോ​ടെ പ​ല ധ​ന​കാ​ര്യ​ സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ​ നി​ന്ന് പി​ന്മാ​റി. ഇ​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യം രൂ​പീകരിച്ച് പ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

 നേരിട്ട് പണം എത്തും

പു​തി​യ പ​ദ്ധ​തി പ്ര​കാ​രം നെ​ല്ല​ള​ന്ന ശേ​ഷം ന​ൽ​കു​ന്ന പി.​ആ​ർ.​എ​സ് കൃ​ഷി ഓ​ഫീ​സ​റും പാ​ഡി മാ​ർ​ക്ക​റ്റിംഗ് ഓ​ഫി​സ​റും ഓ​ൺ​ലൈ​നി​ൽ അം​ഗീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​രും. ക​ഴി​ഞ്ഞ ര​ണ്ടാം വി​ള​യു​ടെ നെ​ല്ല് സം​ഭ​രി​ച്ച​ത് കി​ലോയ്ക്ക് 28 രൂ​പ നി​ര​ക്കി​ലാ​ണ്. സം​സ്ഥാ​ന ബ​ഡ്ജ​റ്റി​ൽ കി​ലോ​യ്ക്ക് 20 പൈ​സ വ​ർ​ദ്ധിപ്പി​ച്ചു. പ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ ക്ര​മം വ​ള​രെ വേ​ഗം പൂ​ർ​ത്തി​യാ​കു​മെ​ന്നും ഇ​തോ​ടെ പ​ണം ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നും സ​പ്ലൈ​കോ വ്യ​ക്ത​മാ​ക്കി.