
ചിറ്റൂർ: അല്പം നിയന്ത്രണമുണ്ടായിരുന്ന തമിഴ്നാട് റേഷനരി കടത്ത് വീണ്ടും സജീവമാകുന്നു. കർശന പരിശോധനയും നടപടികളും സ്വീകരിക്കാൻ തുടങ്ങിയതോടെ കാലങ്ങളായി തമിഴ്നാട് അതിർത്തിയിലെ ഊടുവഴികളിലൂടെയുള്ള റേഷനരി കടത്ത് കുറഞ്ഞിരുന്നു. എന്നാൽ ഇടക്കാലത്ത് ഓപ്പൺ മാർക്കറ്റിലുണ്ടായ വലിയ തോതിലുള്ള അരിവില വർദ്ധനവാണ് അനധികൃത റേഷൻ അരികടത്ത് ഇപ്പോൾ വ്യാപകമാവാൻ ഇടയാക്കിയത്.
അതിർത്തികൾ കേന്ദ്രീകരിച്ചു നടക്കുന്ന റേഷൻ അരി കടത്ത് പിടികൂടുന്നത് വളരെ കുറവാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് എത്രയോ വാഹനങ്ങളിൽ വിവിധ ജില്ലകളിലേക്ക് അരി കടത്തി കൊണ്ടുപോകുന്നുണ്ട്. കടത്തി കൊണ്ടുപോകുന്ന റേഷനരി അധികം വൈകാതെ സൂപ്പർ അരിയുടെ ഏതെങ്കിലും ലേപലിൽ ഓപ്പൻമാർക്കറ്റുകളിൽ എത്തുന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം. ഈ നിസംഗത കള്ളകടത്തുകാർക്ക് സഹായകമായി മാറുകയാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം പിടകൂടിയത് 1440 കി.ഗ്രാം അരി
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കാറിൽ കടത്തി കൊണ്ടുവന്ന റേഷനരി നല്ലേപ്പിള്ളി കൗണ്ടൻ കളത്തിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. രണ്ട് കാറുകളിൽ 30 കി.ഗ്രാം വീതമുള്ള 48ചാക്കുകളിലായി 1440 കി.ഗ്രാം അരിയാണ് ഉണ്ടായിരുന്നത്. കാറിന്റെ പിൻസീറ്റ് അഴിച്ചു മാറ്റി ഓരോ കാറിലും 24 ചാക്കുകൾ വീതം നിറച്ചാണ് അരി കടത്തിയിരുന്നത്. കാറിലുണ്ടായിരുന്ന നല്ലേപ്പിള്ളി പാറക്കാൽ സ്വദേശി കെ. കൃഷ്ണദാസ് (29), പൊള്ളാച്ചി മാപ്പിള കൗണ്ടൻ പുതൂർ പള്ളിവാസൽ വീഥി കാളിശ്വരൻ (20) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനവും അരിയും താലൂക്ക് സപ്ലെ ഓഫീസർക്കു കൈമാറി.