
ചെർപ്പുളശ്ശേരി: വിദ്യാലയങ്ങളെല്ലാം ഹൈടെക്കായി മാറുമ്പോൾ ശോച്യാവസ്ഥയിൽ ചെർപ്പുളശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ആസ്ബറ്റോസ് മേഞ്ഞ കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിന്റെ കെട്ടിടത്തിലാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കത്താൽ ദ്രവിച്ച് തുളകൾ വീണ മേൽക്കൂരയ്ക്ക് കീഴെ മഴക്കാലത്ത് ജോലി ചെയ്യുകയെന്നത് ജീവനക്കാരെ സംബന്ധിച്ച് സാഹസികമാണ്.
മഴ പെയ്താൽ വെള്ളം കയറാതിരിക്കാൻ ടാർപോളിൻ ഷീറ്റുകൾ മേൽക്കൂരയിൽ വലിച്ചു കെട്ടിയിരിക്കുകയാണ്.
കാടുകേറി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ജനൽ പാളികൾ എല്ലാം ചിതലരിച്ചും മഴ നനഞ്ഞും നശിച്ചനിലയിലാണ്. പലപ്പോഴും ഇഴജന്തുക്കൾ അകത്തുപ്രവേശിക്കാറുണ്ടെന്നും ഭയത്തോടെയാണ് ഇതിനകത്ത് തൊഴിലെടുക്കുന്നതെന്നും ജീവനക്കാർ പറയുന്നു.
ഫയലുകൾ ചിതലരിക്കാതെ കിട്ടിയാൽ ഭാഗ്യം
നൂറുകണക്കിന് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാവിയെ ബാധിക്കുന്ന പ്രധാനമായ ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള യാതൊരു സൗകര്യങ്ങളും ഈ ഓഫീസിനകത്തില്ല. അവധി ദിവസങ്ങൾക്കു ശേഷം വീണ്ടും ഓഫീസിലേക്കത്തുമ്പോൾ ഫയലുകൾ ചിതലരിക്കാതെയും നനയാതെയും കിട്ടിയാൽ ഭാഗ്യം.
അധികൃതരോട് പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളും എടുക്കുന്നില്ല. എത്രയും വേഗം വിഷയത്തിൽ ഇടപെടണം
- എം.ടി.എ നാസർ, കെ.എ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി