
പാലക്കാട്: കളമശ്ശേരി മേൽപ്പാലത്തിന് സമീപം ബൈക്കിൽ നിന്ന് വീണ് പരിക്കുപറ്റി ബോധരഹിതനായി റോഡിൽ കിടന്ന യുവാവിനെ സ്വന്തം വാഹനത്തിൽ കയറ്റി ജീവൻ രക്ഷിച്ച വിക്ടോറിയ കോളേജ് മലയാളം വിഭാഗം അസി: പ്രൊഫ. ഡോ.ബിന്ദുവിനെ ജെ.സി.ഐ ഇന്ത്യ പാലക്കാട് ഘടകം എം.എ പ്ലൈ എൻ.ജി.ഒ പ്രസിഡന്റ് ഹിതേഷ് ജെയിനിന്റെ നേതൃത്വത്തിൽ മേഖലാ പ്രസിഡന്റ് രാകേഷ് മേനോൻ പൊന്നാട അണിയിച്ച് അനുമോദിച്ചു.
അപകടം നടന്ന ഉടനെ പരിസരത്തുള്ളവർ ഓടിയെത്തി ആശുപത്രിയിൽ എത്തിക്കാൻ വാഹനങ്ങൾക്ക് കൈകാണിച്ചപ്പോൾ ആരും തന്നെ നിറുത്താൻ സന്നദ്ധരായിരുന്നില്ല. പാലക്കാടേക്കുള്ള യാത്രയ്ക്കിടയിൽ സംഭവ സ്ഥലത്തെത്തിയ ഡോ: ബിന്ദു കാറിൽ പരിക്കുപറ്റിയ അക്ഷയ് വേണുഗോപാലിനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. രക്തം വാർന്നൊഴുകിയ യുവാവ് അപകടനില തരണം ചെയ്തു.
വിക്ടോറിയ കോളേജിൽ എത്തിയാണ് സ്‌നേഹ വായ്‌പോടെയുള്ള മികവാർന്ന പ്രവർത്തനത്തിന് അനുമോദനം അറിയിച്ചത്. ജെ.സി.ഐ മുൻ മേഖലാ ഓഫീസർ നിഖിൽ കൊടിയത്തൂരും സന്നിഹിതനായിരുന്നു.