
പാലക്കാട്: പാലക്കാടൻ ജനത വർഷങ്ങളായി കാത്തിരുന്ന സ്വപ്നം സാക്ഷാത്കാരമായി. പുനർനിർമിച്ച കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ നാടിന് സമർപ്പിച്ചു. ഡിപ്പോയിൽ തന്നെ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിച്ചു. എട്ട് വർഷത്തെ ഭാരമാണ് ഷാഫി പറമ്പിൽ ഇറക്കി വച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. പാലക്കാടിന്റെ തിലകക്കുറിയായി മാറി പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. ഇപ്പോൾ കെ.എസ്.ആർ.ടി.സി വിചാരിച്ചാൽ പലതും നടക്കുമെന്ന് തെളിയിക്കപ്പെട്ടു. അതിർത്തി ജില്ലയായതിനാൽ മികച്ച ബസ് ടെർമിനൽ ആവശ്യമാണ്. പദ്ധതി വൈകിയത് കെ.എസ്.ആർ.ടി.സിയുടെ വീഴ്ച കൊണ്ടാണെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. മുഴുവനായും സോളാർ പവർ പ്ലാന്റിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡ് ആയി പാലക്കാട് ഡിപ്പോയെ മാറ്റണമെന്ന ഷാഫി പറമ്പിൽ എം.എൽ.എയുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. കേരളത്തിൽ ആരംഭിക്കുന്ന ടൗൺ സർക്കുലർ പാലക്കാട് ആദ്യമായി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഷാഫി പറമ്പിലിനെ കാണുമ്പോൾ അസൂയ തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരും ഏറ്റെടുക്കാത്ത വലിയ റിസ്‌ക്കാണ് ഷാഫി ഏറ്റെടുത്തത്. അത് ധൈര്യത്തോടെ നിന്ന് നേടിയെടുത്തതായും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
സ്വന്തം വീട് വെച്ച ഗൃഹനാഥന്റെ മാനസികാവസ്ഥയിലാണ് താനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ടുകാർ തനിക്കു തന്ന പിന്തുണയാണ് ഈ വലിയൊരു യജ്ഞം യാഥാർഥ്യമാക്കാൻ കഴിഞ്ഞത്. നിർമാണം തുടങ്ങാൻ സമ്മതിക്കാത്ത പ്രശ്നമാണ് ഉണ്ടായിരുന്നത്. കൊമേഷ്യൽ കെട്ടിടങ്ങൾ ചുറ്റുമുണ്ടായിട്ടും കൊമേഷ്യൽ ഉദേശ്യത്തോടെയുള്ള ഡിപ്പോ നിർമിക്കാൻ പല സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് സർക്കാർ തടസം നിന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ കെ.ഡി. പ്രസേന്നൻ, കെ. ശാന്തകുമാരി, പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, വാർഡ് കൗൺസിലർ ഇ. ഫൈറോജ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു. കെ.എസ്.ആർ.ടി. സി.എം.ഡി. ബിജു പ്രഭാകർ സ്വാഗതവും ഡി.ടി.ഒ. ടി.എ. ഉബൈദ് നന്ദിയും പറഞ്ഞു.