
അഗളി: പുതൂർ പഞ്ചായത്തിലെ കുളപ്പടികയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിറുത്തി എൽ.ഡി.എഫ്. 32 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വഞ്ചി കക്കി വിജയിച്ചു. ബി.ജെ.പിയുടെ ലക്ഷ്മി രങ്കൻ 349 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ യു.ഡി.എഫിന്റെ എം. വിജയ 132 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോൾ ചെയ്ത 862 വോട്ടുകളിൽ 381 എണ്ണം എൽ.ഡി.എഫ് നേടി.
ഇതോടെ കുളപ്പടിക വാർഡും പുതൂർ പഞ്ചായത്തിലെ ഭരണവും എൽ.ഡി.എഫ് നിലനിർത്തി. പുതൂർ പഞ്ചായത്തിലെ ആകെയുള്ള 13 വാർഡുകളിൽ 7 എണ്ണം എൽ.ഡി.എഫും 4 എണ്ണം ബി.ജെ.പിയും രണ്ട് എണ്ണം കോൺഗ്രസുമാണ് നേടിയിട്ടുള്ളത്. വനം വകുപ്പിൽ പി.എസ്.സി നിയമനം ലഭിച്ചതു മൂലം പഞ്ചായത്തംഗമായിരുന്ന കാളിയമ്മ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.