
ഷൊർണൂർ: ജനിച്ച് ദിവസങ്ങൾ മാത്രമായ, കണ്ണ് മിഴിയാത്ത അഞ്ച് നായക്കുട്ടികൾക്ക് നേരെ മനുഷ്യന്റെ ക്രൂരത. ചാക്കിലാക്കി ടാറിട്ട റോഡിൽ അടിച്ചു കൊന്ന നിലയിലാണ് നാല് നായക്കുട്ടികളെ ഇതുവഴി പോയ വാഹന
യാത്രക്കാർ കണ്ടത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് പൊതുവാൾ ജംക്ഷന് സമീപമുള്ള വിജനമായ ചെറിയ ബൈപാസ് റോഡിൽ ഈ ക്രൂരത ഇതുവഴി കടന്ന് പോയവർ കാണുന്നത്. അഞ്ച് നായക്കുട്ടികളിൽ ഒരെണ്ണം പരിക്കേറ്റ് തൊട്ടടുത്ത് പൊന്തക്കാട്ടിൽ കരഞ്ഞ് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. ചാക്കിലാക്കി റോഡിലടിച്ച സമയത്ത് ഒരെണ്ണം തെറിച്ച് പോയതാകാമെന്നാണ് കരുതുന്നത്. തല പൊട്ടിയും വയർ പിളർന്നും ചതഞ്ഞരഞ്ഞും റോഡിൽ ചത്ത നിലയിലായിരുന്നു നാല് നായക്കുട്ടികൾ. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു.