jessy

പാലക്കാട്‌: ഇനി ഒരു മാസക്കാലം ലോകം ഖത്തറിലേക്കും കാൽപ്പന്തിലേക്കും മാത്രമായി ചുരുങ്ങും. ലോകകപ്പിനെ വരവേൽക്കാൻ കൂറ്റൻ റാലികളുമായി കളം നിറയാനുള്ള തയ്യാറെടുപ്പുകളാണ് നാടെങ്ങും. നഗര - ഗ്രാമ വ്യത്യാസമില്ലാതെ പ്രായഭേദമന്യേ ആരാധകർ ഇഷ്ട താരങ്ങൾക്കും ടീമുകൾക്കും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ്. ഇതോടെ ജഴ്സികൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.

ഫ്ലക്സിലേതു പോലെ തന്നെ മെസിയും റൊണാൾഡോയും നെയ്‌മറും തന്നെയാണ് താരങ്ങൾ. തെരുവുകളിലെല്ലാം ഫുട്ബാൾ ഫീവർ ആയതോടെ ഗ്രാമങ്ങളിൽ വരെ ജഴ്സികളുടെ വിൽപ്പന പൊടിപൊടിക്കുകയാണ്. പ്രിയ താരങ്ങളുടെ പേരിലുള്ള ജഴ‍്സിക്കായി ഫുട്‌ബാൾ ആരാധകർ പായുകയാണ്‌.

ആർക്കാണ്‌ കൂടുതൽ ഡിമാൻഡെന്ന്‌ ചോദിച്ചാൽ മെസി ഇത്തിരി മുന്നിൽ തന്നെയെന്ന്‌ പാലക്കാട്‌ ബി.ഒ.സി റോഡിലെ ജഴ‍്സി വിൽപ്പനക്കടയായ എ.ആർ.ടെക്‌സ്‌റ്റൈൽസ്‌ ഉടമ റഷീദ് പറയും. കടയുടെ മുന്നിൽ പ്രദർശിപ്പിക്കാൻ പോലും ജഴ്‌സി വയ്‌ക്കാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു. അവസാന നിമിഷത്തിൽ രണ്ടു തവണ ലോഡ് ഇറക്കേണ്ടിവന്നു. എല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു. മൊത്തമായും ചില്ലറയായും വിൽപ്പനയുണ്ട്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും ആവശ്യക്കാർ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജഴ്സിയെത്തുന്നത് തിരിപ്പൂരിൽ നിന്ന്

തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും എറണാകുളത്ത് നിന്നുമാണ്‌ ജഴ‍്സി എത്തുന്നത്‌. 110 മുതലാണ്‌ വില. കോളർ ഉള്ളതും ഇല്ലാത്തതുമായ ജഴ‍്സികളുണ്ട്‌. കോളറുള്ളതിനാണ്‌ ഡിമാൻഡ്‌. ഐ.എസ്‌.എൽ തുടങ്ങിയതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ‍്സി‌ക്കും ആവശ്യക്കാരേറെയുണ്ട്‌. മൊത്തക്കച്ചവടക്കാരാണ്‌ കൂടുതൽ എത്തുന്നതെങ്കിലും ചില്ലറക്കാർക്ക്‌ പ്രത്യേക പരിഗണനയുണ്ട്‌.