football

പാലക്കാട്: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായി നടത്തുന്ന ഫുട്ബാൾ മത്സരങ്ങൾക്ക് ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി. കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. മമ്മികുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ. ശ്രീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരൻ, സ്‌കൂൾ സ്‌പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി മനോജ് കുമാർ, മണ്ണാർക്കാട് ഡി.ഇ.ഒ എസ്. അനിത, പി.ടി.എ പ്രസിഡന്റ് കെ. കോയ, ഹരിദാസൻ എ, സ്‌കൂൾ മാനേജർ കെ. രാധാകൃഷ്ണൻ സംസാരിച്ചു.

അവസാന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന്

ശ്രീകൃഷ്ണപുരം: നാടെങ്ങും ഖത്തർ ലോകകപ്പിന്റെ ആരവങ്ങൾ ഉയരവേ സംസ്ഥാന തല സ്‌കൂൾ ഫുട്‌ബാൾ മേളക്ക് ആതിഥ്യമരുളി ശ്രീകൃഷ്ണപുരം. കാൽപന്ത് പ്രേമികൾക്ക് ആവേശം പകർന്ന് ഇനി വീറും വാശിയും നിറഞ്ഞ ഏഴ് ദിനങ്ങൾ. 14 ജില്ലകളിൽ നിന്നായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 19,17, 14 വിഭാഗങ്ങളിൽ ആയിരത്തഞ്ഞൂറിൽപരം കുട്ടിത്താരങ്ങളാണ് സോക്കർ മാമാങ്കത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ മത്സരത്തിൽ ആതിഥേയരായ പാലക്കാട് കോട്ടയത്തെ യഥാക്രമം 21നും 70നും പരാജയപ്പെടുത്തി. ഇന്നും നാളെയും 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളും 13 മുതൽ 14 വരെ അണ്ടർ 17 വിഭാഗം മത്സരങ്ങളും 15 മുതൽ 17 വരെ അണ്ടർ 14 വിഭാഗം മത്സരങ്ങളും
നടക്കും. ദിവസേന പത്ത് മത്സരങ്ങളാണുണ്ടാകുക.

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്,എൻ.എസ്.എസ് കേഡറ്റുകൾ അണിനിരന്ന മാർച്ച് പാസ്റ്റും ഫ്ളാഷ് മോബും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

സെമിഫൈനലിൽ ഇന്ന്

അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ന് ആദ്യ സെമിഫൈനലിൽ പാലക്കാടും തൃശൂരും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ കോഴിക്കോട് മലപ്പുറവും എറണാകുളവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ വിജയികളെ നേരിടും. പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും തൃശൂരും രണ്ടാം സെമിയിൽ കോഴിക്കോടും മലപ്പുറവും തമ്മിൽ മത്സരിക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് കണ്ണൂരിനേയും(1- 0) കോഴിക്കോട് കൊല്ലത്തേയും (3- 0) തൃശൂർ തിരുവനന്തപുരത്തേയും
(3- 0)തോൽപ്പിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ എറണാകുളത്തേയും(4- 0) കോഴിക്കോട് ആലപ്പുഴയേയും(1- 0) പാലക്കാട് കണ്ണൂരിനേയും (5- 4)മലപ്പുറം കൊല്ലത്തേയും (6- 1) തോൽപ്പിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും എറണാകുളവും തമ്മിലുള്ള അവസാന ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് നടക്കും.