veg

വടക്കഞ്ചേരി: സംസ്ഥാനത്തേയ്‌ക്കെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മാരകമായ കീടനാശിനികളുടെ സാന്നിദ്ധ്യമുണ്ടെന്ന് കൃഷിവകുപ്പ്. വിളവ് കൂടുതൽ ലഭിക്കുന്നതിനും കേടാവാതിരിക്കുന്നതിനും വ്യാപകമായി കീടനാശിനി പ്രയോഗിക്കുന്നതായാണ് കണ്ടെത്തിയത്. കേരളത്തിൽ നിരോധിച്ചിട്ടുള്ള ഉഗ്രവിഷമുള്ള കീടനാശിനികളുടെ മിശ്രിതം (കോക്ടെയിൽ) ആണ് തമിഴ്‌നാട്ടിൽ അടക്കമുള്ള തോട്ടങ്ങളിൽ ഉപയോഗിക്കുന്നത്. കാർഷക സർവകാലാശാലയുടെ 'സേഫ് ടു ഈറ്റ് " പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

മുൻ വർഷങ്ങളിലെ പരിശോധനകളിൽ തുടർച്ചയായി പച്ചക്കറികളിൽ കണ്ടെത്തിയിരുന്ന അസഫേറ്റ്, ഇമിഡാക്ലോപ്രിഡ്, ലാംബ്ഡാ സൈഹാലോത്രിൻ, സൈഫൽത്രിൻ എന്നിവയ്‌ക്കൊപ്പം ഫെനസാക്വിൻ, ക്ലോത്ത്യാനിഡിൻ, തയോമെതോക്സാം എന്നീ പുതുനിര കീടനാശിനികളും ട്രൈഫ്ലോസിസ്‌ട്രോബിൻ, ടെബുകൊണാസോൾ, പൈറക്ലോസ്‌ട്രോബിൻ, അസോക്സിസ്‌ട്രോബിൻ, മെറ്റാലാക്സിൽ, ഹെക്സാകൊണാസോൾ, ട്രൈസൈക്ലാസോൾ എന്നീ ഏഴിനം പുതു കീടനാശിനികളും ചേർത്തുള്ള പ്രയോഗമാണ് അതിർത്തിക്കപ്പുറത്തെ കൃഷിയിടങ്ങളിൽ നടക്കുന്നത്.
മല്ലിയിലയുടെ 21 സാമ്പിളുകളിൽ 12ലും 57.14%, പച്ചമുളകിന്റെ 34ൽ 23ലും 67.64%, കറിവേപ്പിലയുടെ 15 സാമ്പിളുകളിൽ നാലെണ്ണത്തിലും 26.6%, പുതിനയിലയുടെ 15ൽ ഒമ്പതിലും 60%, തക്കാളിയുടെ 33ൽ എട്ടിലും 24.24%, പച്ച കാപ്സിക്കത്തിന്റെ 17ൽ 15ലും 88.2%, ചുവപ്പ് കാപ്സിക്കത്തിന്റെ മൂന്നിൽ മൂന്നിലും 100% വിഷമിശ്രിത സാന്നിദ്ധ്യം കണ്ടെത്തി.

കറുത്ത മുന്തിരിയുടെ എട്ടിൽ അഞ്ച് സാമ്പിളിലും 62.5%, പച്ചമുന്തിരിയുടെ നാലിൽ നാല് സാമ്പിളിലും 100% ശുപാർശ ചെയ്യാത്ത കീടനാശിനി അംശവും കണ്ടെത്തി. പുതിനയില, കറിവേപ്പില, മല്ലിയില, പച്ചമുളക്, വെണ്ട, തക്കാളി, കത്തിരി, സാമ്പാർ മുളക് എന്നിവയുടെ സാമ്പിളുകളിൽ പ്രൊഫെനോഫോസിന്റെ സാന്നിദ്ധ്യം തുടർച്ചയായ പരിശോധനകളിൽ സ്ഥിരീകരിച്ചത് ഗൗരവമാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

മല്ലിയില, കറിവേപ്പില, പച്ചമുളക്, പടവലം, തക്കാളി, പുതിനയില, ക്യാപ്സിക്കം (പച്ച, ചുവപ്പ്) എന്നിവയിലാണ് 'കോക്ടെയിൽ' പ്രയോഗ സൂചന ഏറ്റവുമധികം കണ്ടെത്തിയത്. മുന്തിരി (കറുപ്പ്, പച്ച) സാമ്പിളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. ഇത് ജനിതക രോഗങ്ങൾ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.