
പാലക്കാട്: സാധാരണക്കാരുടെ ഏക ആശ്രയമായ റേഷൻ കടകളിൽ അരി വിതരണം പ്രതിസന്ധിയിലാകുന്നു. പൊതു വിപണിയിൽ അരി വില ഉയർന്നതോടെ ഒട്ടുമിക്ക ആളുകളും റേഷൻ അരിയാണ് ഉപയോഗിക്കുന്നത്. എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് കടകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണം മന്ദഗതിലായതിനാൽ താലൂക്കിൽ റേഷൻ വിതരണം പ്രതിസന്ധിയിലാണ്.
ഓരോ മാസവും 15ന് മുമ്പായി കടകളിലേക്കുള്ള വിതരണം പൂർത്തിയാക്കണമെന്നാണ് നിർദേശം. എന്നാൽ മൂന്നുമാസമായി ഇത് താളം തെറ്റി. നിരന്തരം പരാതിയുയർന്നിട്ടും എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് സമയബന്ധിതമായി അരി വിതരണം നടക്കുന്നില്ല. ഒക്ടോബറിലെ വിതരണം 25ന് ശേഷമാണ് പലിയിടത്തും പൂർത്തിയായത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ ഭക്ഷ്യധാന്യം 31നും വിതരണം ചെയ്തില്ല.
ഒക്ടോബറിലെ പി.എം.ജി.കെ.എ.വൈ വിഹിതം നവംബർ 15 വരെ നീട്ടിയത് ഏറെ ആശ്വാസമായി. അതേ സമയം എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് തൂക്കം നോക്കാതെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലെത്തിക്കുന്നതായി കടയുടമകൾക്ക് പരാതിയുണ്ട്. ഭക്ഷ്യധാന്യം തൂക്കം നോക്കാൻ ക്വിന്റലിന് മൂന്നുരൂപ സർക്കാർ നൽകുന്നുണ്ട്. താലൂക്കിൽ 164 കടകളിലായി എട്ടുലക്ഷം കാർഡുടമകളാണുള്ളത്.
കടകളിൽ വാക്കേറ്റം പതിവ്
റേഷൻ വിതരണത്തിന് മുൻഗണന വിഭാഗം കാർഡുടമകൾക്ക് അനുവദിച്ച വിഹിതത്തിൽ ഭൂരിഭാഗവും പച്ചരിയായതോടെ കടകളിൽ വാക്കേറ്റം പതിവാണ്. പി.എം.ജി.കെ.എ.വൈയിൽ 80 ശതമാനവും പച്ചരിയാണ് നൽകുന്നത്. ഗോതമ്പ് വിഹിതവും വെട്ടിക്കുറച്ചു. ഇത്രയധികം പച്ചരി വാങ്ങാൻ കാർഡുടമകൾ തയ്യാറല്ല. അരി മാറ്റി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ കാർഡുടമകളും വ്യാപാരികളും തമ്മിൽ വാക്കേറ്റം പതിവാണ്.