 
കൊല്ലങ്കോട്: മുതലമട കാമ്പ്രത്ത് ചള്ളയിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ട്. പല്ലശ്ശന, എലവഞ്ചേരി, വടവന്നൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളാണ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലുള്ളത്. എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകൾ മലമ്പ്രദേശങ്ങൾ ഉൾപ്പെടുന്നതുമാണ്.
മുതലമട ഗോവിന്ദാപുരം മുതൽ പല്ലശ്ശന പല്ലാവൂർ വരെയുള്ള ഭാഗത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൊലീസ് വാഹനം ഓടിയെത്താൻ ഏറെ സമയം വേണ്ടിവരുന്നത് ക്രമസമാധാന പാലനത്തിൽ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ജനസംഖ്യാ ആനുപാതികമായി പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ വേണമെന്ന വ്യവസ്ഥ ഇനിയും ഉറപ്പിക്കാൻ കഴിയാത്തതും കൊല്ലങ്കോട് സ്റ്റേഷന്റെ പ്രവർത്തനത്തിനെ സാരമായി ബാധിക്കുന്നുണ്ട്.
സ്റ്റേഷൻ പരിധിയിൽ 60 ശതമാനം കേസുകളും രജിസ്റ്റർ ചെയ്യുന്നത് മുതലമട പഞ്ചായത്തിൽ നിന്നാണ്. വിസ്തൃതി കൂടിയ പഞ്ചായത്തിൽ പൊലീസിന്റെ സേവനം വേണ്ടവിധം ലഭ്യമാകണമെങ്കിൽ കാമ്പ്രത്ത് ചള്ളയിൽ എയ്ഡ് പോസ്റ്റ് വേണമെന്ന നാട്ടുകാരുടെ ആവർത്തിച്ചുള്ള ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല.
മദ്യം, മയക്കുമരുന്ന് കടത്ത്, അപകടങ്ങൾ, കൊലപാതകങ്ങൾ, പിടിച്ചുപറി, മോഷണം തുടങ്ങിയവ മുതലമടയിൽ നിരന്തരം നടക്കുന്നുണ്ട്.
കാമ്പ്രത്ത്ചള്ളയിൽ എയ്ഡ് പോസ്റ്റ് അനുവദിച്ചാൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്തിന് ഏറെ ആശ്വാസമാകും.