human-right-commission

പാലക്കാട്: മലപ്പുറം ജില്ലയുടെ ചുമതലയുള്ള ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് രാവിലെ 10.30ന് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഉത്തരവ് ലംഘിച്ചാൽ നിയമാനുസരണം നടപടി നേരിടേണ്ടി വരുമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

പാലക്കാട് പഴമ്പലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ബിത ദാസിന് ശമ്പള കുടിശികയും ആനുകൂല്യങ്ങളും നൽകാൻ ഉദാസീനത കാണിച്ചെന്ന പരാതിയിൽ ഹയർസെക്കൻഡറി (മലപ്പുറം) ഡെപ്യൂട്ടി ഡയറക്ടർക്ക് കമ്മിഷൻ സിറ്റിംഗിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം നേരിട്ട് ഹാജരായില്ല. തുടർന്നാണ് വീണ്ടും നോട്ടീസയച്ചത്. എസ്.എം.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിനും ഇന്ന് നടക്കുന്ന സിറ്റിംഗിൽ ഹാജരാകാൻ കമ്മിഷൻ നോട്ടീസയച്ചു.