
 ഇന്ന് രണ്ടാം തേര്  നാളെ രഥസംഗമം
പാലക്കാട്: വേദമന്ത്രങ്ങളടെയും താളവാദ്യങ്ങളടെയും അകമ്പടിയിൽ അഗ്രഹാര വീഥികളെ ഭക്തിസാന്ദ്രമാക്കി മൂന്നുനാൾ നീണ്ടുനിൽക്കുന്ന ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ആവേശത്തുടക്കം.
ശ്രീ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയുടെ തിരു കല്യാണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഒന്നാം തേരുദിവസമായ ഇന്നലെ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ചെറു രഥങ്ങളാണ് പ്രദക്ഷിണത്തിനിറങ്ങിയത്. ഇന്ന് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്ക് പ്രയാണം തുടങ്ങും. നാളെ പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. അന്ന് വൈകീട്ട് ആറോയോടെ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയിൽ ചരിത്ര പസിദ്ധ ദേവരഥ സംഗമം നടക്കും. തേര് വലിക്കുന്നതിൽ പങ്കാളികളാകുന്നത് പുണ്യകർമ്മായാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്.
പാലക്കാട് ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം. കൽപ്പാത്തി രഥോത്സവത്തോടെയാണ് ജില്ലയിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അടുത്ത ഏപ്രിൽ മാസത്തിലെ വിഷുവരെ ഉത്സവക്കാലം നീളും.
 വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം
കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8 നു വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്കു കല്യാണ ഉത്സവം നടന്നു. തുടർന്ന് 8.30ന് ഉപനിഷത്ത് പാരായണം, വേദപാരായണ സമാപനം ചടങ്ങുകൾക്കു ശേഷം 9നും 10നും ഇടയ്ക്കു രഥാരോഹണം നടന്നു. ശിവപാർവതിമാരെയും ഗണപതിയെയും വള്ളിദൈവാന സമേത സുബ്രഹ്മണ്യരെയും തേരിലേറ്റിയതോടെ രഥപ്രദക്ഷിണം ആരംഭിച്ചു. പുതിയ കൽപാത്തി ഗ്രാമത്തിലൂടെ സഞ്ചരിച്ച ശേഷം രാവിലത്തെ ദേവരഥ പ്രദക്ഷിണം അവസാനിച്ചു. തുടർന്നു വൈകിട്ട് 4നു പ്രദക്ഷിണം പുനരാരംഭിച്ചു.
മന്തക്കരമഹാഗണപതി ക്ഷേത്രം
രാവിലെ 8നു വേദപാരായണം, രുദ്രാഭിഷേകം, വൈകിട്ട് 4നു വേദപാരായണം, 6.45നു ക്രമാർച്ചന, രാത്രി 9ന് അശ്വവാഹനത്തിൽ ഗ്രാമ പ്രദക്ഷിണം. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10.30നും 11.30നുമാണ് രഥാരോഹണം.
ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം
പഴയ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 8.30നു വിഘ്‌നേശ്വര പൂജ, സങ്കൽപം, 11നു കളഭാഭിഷേകം, വൈകിട്ടു മോഹിനി അലങ്കാരം, രാത്രി 8.30ന് എഴുന്നെള്ളത്ത്. ഇന്ന് വൈകിട്ടു കുതിര വാഹന അലങ്കാരം നടക്കും. നാളെ രാവിലെ 10നും 10.30നും ഇടയ്ക്കാണു രഥാരോഹണം.
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം
രാവിലെയും വൈകിട്ടും പൂജകൾക്കു ശേഷം രാത്രി 9നു മൂഷിക വാഹനത്തിൽ എഴുന്നെള്ളത്ത് നടന്നു. ഇന്ന് രാത്രി അശ്വവാഹനത്തിൽ എഴുന്നെള്ളത്ത് നടക്കും. നാളെ രാവിലെ 9.30 നും 10.15നും ഇടയ്ക്കു രഥാരോഹണം.