
ശ്രീകൃഷ്ണപുരം: എച്ച്.എസ്.എസ് മൈതാനത്ത് നടന്ന സംസ്ഥാന സ്‌കൂൾ ഫുട്ബാൾ മേളയിൽ തിരുവനന്തപുരത്തിന് ഇരട്ട കിരീടം. 17 വയസിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ് തിരുവനന്തപുരത്തിന്റെ നേട്ടം. പെൺകുട്ടികളുടെ ടീം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എറണാകുളത്തെയും ആൺകുട്ടികളുടെ ടീം ടൈബ്രേക്കറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കാസർഗോഡിനെയുമാണ് തോൽപ്പിച്ചത്.
തിരുവനന്തപുരവും കാസർഗോഡും മുഴുവൻ സമയം കളിച്ചപ്പോൾ ഇരു ടീമും ഗോൾ രഹിത സമനില പാലിച്ചു. ടൈബ്രേക്കറിൽ വിജയം തിരുവനന്തപുരത്തിനൊപ്പമായി. ആൺകുട്ടികളിൽ വയനാടും
പെൺകുട്ടികളിൽ തൃശൂരും മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ ലൂസേഴ്സ് ഫൈനലിൽ വയനാട് കോഴിക്കോടിനെ ഏകപക്ഷീയമായ രണ്ട് ഗോളിനും പെൺകുട്ടികളിൽ തൃശൂർ കാസർഗോഡിനെ ഏകപക്ഷീയമായ നാല് ഗോളിനും തോൽപ്പിച്ചു.
ആൺകുട്ടികളുടെ ഒന്നാം സെമിയിൽ കാസർഗോഡ് വയനാടിനെ എതിരില്ലാത്ത മൂന്ന് ഗോളിനും രണ്ടാം സെമിയിൽ തിരുവനന്തപുരം കോഴിക്കോടിനെ ടൈബ്രേക്കറിൽ 7 - 6 നും തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്.
പെൺകുട്ടികളുടെ ഒന്നാം സെമിയിൽ എറണാകുളം തൃശൂരിനെ 5 - 4 നും രണ്ടാം സെമിഫൈനലിൽ തിരുവനന്തപുരം കാസർഗോഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കും പരാജയപ്പെടുത്തിയുമാണ് ഫൈനലിലെത്തിയത്. ഇന്ന് അണ്ടർ 14 പ്രാഥമിക, ക്വാർട്ടർ ഫൈനൽ മത്സരങ്ങളും നാളെ ഫൈനലുകളും നടക്കും.