rice

പാലക്കാട്‌: സംസ്ഥാനത്തേക്കുള്ള അനധികൃത അരിക്കടത്ത്‌ തടയുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ്‌ കോർപറേഷൻ നടത്തിയ വ്യാപക പരിശോധനയിൽ ഇതുവരെ പിടികൂടിയത് 55,395 കിലോ അരി. തമിഴ്‌നാട്ടിലെ റേഷനരി ജില്ലയിലെത്തിച്ച്‌ ഉയർന്ന വിലയ്ക്ക്‌ മറിച്ചു വിൽക്കുന്നെന്ന പരാതി വ്യാപകമായതോടെ ജൂലായ് 27 മുതലാണ്‌ സ്പെഷ്യൽ സ്ക്വാഡ്‌ രൂപീകരിച്ച്‌ പരിശോധന ശക്തമാക്കിയത്‌.

നാലുമാസത്തിനിടെ ഏറ്റവും കൂടുതൽ അരി കണ്ടെടുത്തത്‌ ചിറ്റൂർ താലൂക്കിൽ നിന്നാണ്. ആഗസ്ത്‌ ഒന്നുമുതൽ ഇതുവരെ 31,316 കിലോ അനധികൃത അരി ഇവിടെ നിന്ന് പിടികൂടി. പാലക്കാട് താലൂക്കിൽ നിന്ന് 22,614 കിലോയും മണ്ണാർക്കാട് 1,465 കിലോയും പിടികൂടി. പാലക്കാട് നിന്ന്‌ 80, ചിറ്റൂരിൽ നിന്ന്‌ 337 കിലോ എന്നിങ്ങനെ ഗോതമ്പും കണ്ടെടുത്തു.

തമിഴ്‌നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന അരി കിലോയ്ക്ക്‌ പത്തുമുതൽ 15 രൂപ വരെ നൽകിയാണ്‌ ജില്ലയിലെത്തിക്കുന്നത്‌. ഇവിടെ ഗോഡൗണുകളിൽ സൂക്ഷിച്ച്‌ പോളിഷ്‌ ചെയ്‌ത്‌ പല ബ്രാൻഡുകളിൽ മാർക്കറ്റിലിറക്കും. ജില്ലയ്ക്ക്‌ പുറത്തേക്കാണ്‌ കൂടുതലും പോകുന്നത്‌.

ഇടനിലക്കാർ എജന്റുമാരുടെ സഹായത്തോടെ ചെക്ക് പോസ്റ്റുകൾക്ക് സമീപമുള്ള ഊടുവഴികളിലൂടെയാണ് അരി കടത്തുന്നത്‌. അതിർത്തികളിൽ ഇവ സൂക്ഷിക്കാൻ പ്രത്യേക ഗോഡൗണുകളുണ്ട്‌.

പൂട്ടിക്കിടക്കുന്ന ഗോഡൗണുകളാണ്‌ അരി സൂക്ഷിപ്പ് കേന്ദ്രങ്ങളാകുന്നത്‌. പാലക്കാട്‌, ചിറ്റൂർ താലൂക്കുകളിലെ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും താലൂക്കിലെ മറ്റ്‌ മേഖലകളും കേന്ദ്രീകരിച്ചാണ്‌ പരിശോധന നടക്കുന്നത്‌.