mayil-vahanam
'മയിൽ വാഹനം" ഗീതാ അബ്രഹാം ഭർത്താവ് അബ്രഹാമിനൊപ്പം വസതിക്ക് മുന്നിൽ

ഷൊർണൂർ: 'മയിൽ വാഹന"ത്തിലേറിയ ഗീതാ അബ്രഹാമിന്റെ ജീവിത യാത്രയ്ക്ക് ഇന്ന് എഴുപതിന്റെ നിറവ്. ഷൊർണൂർ ആസ്ഥാനമായ മയിൽവാഹനം മോട്ടോഴ്സ് (ചെമ്മരിക്കാട്ട് ) കുടുംബത്തിലെ അംഗമാണ് ഗീതാ അബ്രഹാം. നൂറിൽപ്പരം ബസുകളുമായി പാലക്കാടിന്റെ നിരത്തിൽ നിറഞ്ഞോടിയ മയിൽ വാഹനം മോട്ടോഴ്സ് കുടുംബത്തിലേക്ക് 1975ലാണ് അബ്രഹാമിന്റെ (തമ്പാച്ചൻ) ഭാര്യയായി ഗീതാ അബ്രഹാം കടന്നുവരുന്നത്.

പിന്നീട് ഷൊർണൂരിന്റെ മരുമകളായി ഈ നാടിന്റെ മനസിലിടം നേടി. ഷൊർണൂരിന്റെ സാമൂഹിക- സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറഞ്ഞ ചിരിയോടെ ഗീതാ അബ്രഹാം സജീവമായി. റോട്ടറി ക്ലബ്ബിന്റെ സാരഥിയായി അവർ ജനകീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അനാഥാലയങ്ങളിൽ നാഥയായി അവർ കയറി ചെന്നു. പ്രളയവും കൊവിഡും തകർത്ത മനുഷ്യർക്ക് മുന്നിൽ സഹായ ഹസ്തവുമായെത്തി.

പ്രളയം ഭവന രഹിതരാക്കി മാറ്റിയ പത്തിലേറെ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയ റോട്ടറിയുടെ സേവനത്തിന് ഗീതാ അബ്രഹാമിന്റെ മുഖം കൈവന്നത് വെറുതെയല്ല. മയിൽ വാഹനം ബസുകളുടെ പ്രശസ്തി കേരളത്തിലാകെ പരന്നൊഴുകിയ കാലത്തും ഗീതാ അബ്രഹാം എന്ന വീട്ടമ്മ അവരുടെ ലാളിത്യമുഖവും തുറന്ന ചിരിയും മറച്ച് വെച്ചില്ല. നിറചിരിയോടെ അവരിന്ന് സപ്തതി ആഘോഷിക്കുകയാണ്.

ഷൊർണൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മയിൽ വാഹനം കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷം. വി.കെ.ശ്രീകണ്ഠൻ എം.പി അടക്കം നിരവധി പ്രമുഖർ സപ്തതി ചടങ്ങിനെത്തിച്ചേരും.