
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണക്കോടതിയിൽ ഹാജരായി. അബ്ബാസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോടതിയിൽ തളർന്നുവീണ അബ്ബാസിനെ ആശുപ്രതിയിലേക്കു മാറ്റി. കേസിൽ അബ്ബാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ ബുധനാഴ്ച പതിനൊന്നരയോടെയാണ് അബ്ബാസ് അഭിഭാഷകൻ മുഖേന വിചാരണക്കോടതിയായ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിൽ ഹാജരായത്. രോഗിയാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അബ്ബാസിന്റെ അഭിഭാഷകൻ വാദിച്ചു. ജാമ്യം അനുവദിക്കാനാവില്ലെന്നും മധുവിന്റെ അമ്മയ്ക്ക് പറയാനുള്ളത് കേൾക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. തുടർന്ന് അബ്ബാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മധുവിന്റെ അമ്മ മല്ലിക്ക് പറയാനുള്ളത് കേൾക്കാൻ 18ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.