football

അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി എം.മിൻഹാജുൽ ഹഖ് കേരള സ്കൂൾ ജൂനിയർ ഫുട്ബാൾ ടീമിലേക്ക്. നിലവിൽ ജില്ലാ ടീമംഗമായ മിൻഹാജ് പാലക്കാട് നിന്ന് സംസ്ഥാന ടീമിൽ ഇടം നേടിയ ഏക താരമാണ്. എടത്തനാട്ടുകരയുടെ ഫുട്ബാൾ താരങ്ങളുടെ പട്ടികയിലേക്ക് ഒരു കുട്ടി താരത്തെ കൂടി ലഭിച്ച ആഹ്ലാദത്തിലാണിപ്പോൾ ഈ ഗ്രാമം.
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മിൻഹാജുൽ എട്ടാം ക്ലാസ് മുതൽ സ്കൂൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ്. കായികാദ്ധ്യാപകൻ കാർത്തികിന്റെയും ചലഞ്ചേഴ്സ് ഫുട്ബാൾ അക്കാദമിയുടെയും പരിശീലനത്തിലൂടെ വളർന്ന താരം വട്ടമണ്ണപ്പുറം ഷൈൻ ക്ലബ് അംഗമാണ്,

കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന സുബ്രതോ മുഖർജി കപ്പിൽ കേരളത്തിനായി ഈ മദ്ധ്യനിര താരം ബൂട്ടണിഞ്ഞിരുന്നു. വട്ടമണ്ണപ്പുറത്തെ മാമ്പള്ളി മുസ്തഫ- ഷഹനാസ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.