ചെർപ്പുളശ്ശേരി: വൃശ്ചികപ്പുലരിയിൽ ശരണ മന്ത്രധ്വനികളാൽ മണ്ഡലകാല വ്രതത്തിന് തുടക്കം കുറിച്ചതോടെ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ മാലയിടാനും ദർശനത്തിനുമായി ഭക്തരുടെ തിരക്ക്. മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനും വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. ശബരിമല യാത്രയിൽ തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് അയ്യപ്പൻ കാവ്. ദൂര ദിക്കുകളിൽ നിന്നുവരെ മാലയിടാനും ദർശനത്തിനുമായി ക്ഷേത്രത്തിൽ ഭക്തരെത്താറുണ്ട്.
തന്ത്രി അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും ആരംഭിച്ചു. മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമ്മികനായി. നവകം, പഞ്ചഗവ്യം, എന്നിവയ്ക്കും തുടക്കമായി. 41 ദിവസം കളഭാഭിഷേകം, ചുറ്റുവിളക്ക്, തിയ്യാട്ട് എന്നിവയുണ്ടാകും.