story

ചിറ്റില്ലഞ്ചേരി: കർഷകർക്ക് സഹായമായി ചിറ്റില്ലഞ്ചേരി പാറയ്ക്കൽക്കാട്ടിൽ നിർമ്മാണം പൂർത്തിയായ നിറ സ്റ്റോർ രണ്ടുവർഷമായിട്ടും പ്രവർത്തനരഹിതമായി കിടക്കുന്നു. ആലത്തൂർ നിയോജക മണ്ഡലത്തിലെ കാർഷിക വികസനപദ്ധതിയായ 'നിറ'യുടെ ഭാഗമായാണ് മേലാർകോട് ഗ്രാമപഞ്ചായത്തിലെ ചിറ്റില്ലഞ്ചേരിയിൽ 'നിറ സ്റ്റോർ' കെട്ടിടം നിർമ്മിച്ചത്.

മേലാർകോട് ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും കാർഷികാവശ്യത്തിനുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് കെട്ടിടം നിർമ്മിച്ചത്.

കെ.ഡി.പ്രസേനൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഏഴു കടമുറികളോടു കൂടിയ സ്റ്റോർ നിർമ്മിച്ചത്.

മറ്റ് പഞ്ചായത്തുകളിലെ നിറ സ്റ്റോറുകൾ ഹരിതമിത്ര സൊസൈറ്റികളുടെ നേതൃത്വത്തിൽ കാർഷികവിപണനകേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചുവെങ്കിലും വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഉദ്ഘാടനം 2020 ൽ

2020 ജനുവരിയിൽ ആരംഭിച്ച കെട്ടിടത്തിന്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി. കാർഷികോപകരണങ്ങൾ, നടീൽ വസ്തുക്കൾ, വിത്ത്‌,വളം മുതലായവയ്ക്കും പഞ്ചായത്ത് പരിധിയിൽ കാർഷികോത്പന്നങ്ങൾ വിൽക്കുന്നതിനുമായാണ് നിറ സ്റ്റോർ പ്രവർത്തിക്കുകയെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കെട്ടിടത്തിലെ ഒരു കടമുറിപോലും ഇതുവരെ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല.