
പാലക്കാട്: പ്രതിഷേധങ്ങൾ ഫലംകണ്ടു, സപ്ലൈക്കോയ്ക്ക് നെല്ലളന്നതിന്റെ തുക കർഷകരുടെ അക്കൗണ്ടിലേക്ക് എത്തി തുടങ്ങി. നവംബർ ഒമ്പതുവരെ സപ്ലൈകോയ്‌ക്ക് നെല്ലളന്ന 224 കർഷകർക്ക് 2.15 കോടി രൂപ അക്കൗണ്ടിലെത്തിയതായി അധികൃതർ അറിയിച്ചു. നെല്ല് സംഭരണത്തിനായി 129 കോടി രൂപ സർക്കാർ സപ്ലൈകോയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്നാണ് തുക വിതരണം ചെയ്തത്.
സപ്ലൈകോ പാഡി ജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന പേ ഓർഡർ പ്രകാരം തുക ഹെഡ് ഓഫീസിൽ നിന്നാണ് ലഭ്യമാക്കുക. പാഡി റസീപ്‌റ്റ് ഷീറ്റ് (പി.ആർ.എസ്) വായ്‌പയായിട്ടാണ് സപ്ലൈകോയ്‌ക്ക് പണം ലഭിക്കുന്നതെങ്കിലും കർഷകർ വായ്‌പക്കാരാവില്ല.
കേരള ബാങ്കിൽ നിന്ന് 2,300 കോടി രൂപ വായ്‌പ ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചുവരുന്നു. എസ്.ബി.ഐ നേതൃത്വത്തിൽ കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്ന് രൂപീകരിച്ച കൺസോർഷ്യവുമായി സപ്ലൈകോ കരാറിൽ ഒപ്പിട്ടുണ്ട്. 28.20 രൂപയാണ് നിലവിലെ സംഭരണ വില. സപ്ലൈകോ ഇതുവരെ 63,215 മെട്രിക് ടൺ നെല്ല് സംഭരിച്ചു. 60 ശതമാനം സംഭരണം പൂർത്തിയായി. കൊയ്ത്ത് ഏകദേശം അവസാനിച്ചു. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ മാത്രമാണ് ബാക്കിയുള്ളത്. കാലംതെറ്റി വന്ന മഴ വിളവിനെ ബാധിച്ചതിനാൽ ഇത്തവണ ഏക്കറിന് 1500 മുതൽ 1800 വരെ കിലോ നെല്ലേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷം ലഭിച്ചപോലെ 1.36 ലക്ഷം മെട്രിക് ടൺ നെല്ലിലേക്ക് സംഭരണം എത്താനിടയില്ല.