road

പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാമ്പിയിൽ പുതിയപാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 50 കൊല്ലം മുമ്പ് അന്നത്തെ ഗതാഗത സൗകര്യങ്ങൾക്ക് അനുസരിച്ചാണ് നിലവിലെ നിലംപതിപ്പാലം നിർമ്മിച്ചത്. ആറുമീറ്റർ വീതിയിൽ പണിത പാലത്തിൽ ബലമേറിയ കൈവരികളോ നടപ്പാതകളോ ഇല്ല. ഇപ്പോൾ ആയിരക്കണക്കിന് വാഹങ്ങളാണ് പാലത്തിലൂടെ ദിവസേന കടന്നുപോകുന്നത്. രണ്ട് വലിയ വാഹനങ്ങൾ വന്നാൽ ഗതാഗതം കുരുങ്ങും. വാഹനങ്ങളുടെ നിര പട്ടാമ്പി പട്ടണത്തിലേക്കും അപ്പുറത്ത് ഞാങ്ങാട്ടിരി വരെയും നീളും.

രണ്ടുപതിറ്റാണ്ടായി സംസ്ഥാന ബഡ്ജറ്റുകളിൽ പുതിയ പാലത്തിന് പദ്ധതി പ്രഖ്യാപിക്കുമെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.

പുതിയപാലം നിർമ്മിക്കാൻ സ്ഥലമേറ്റെടുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മതിയായ സ്ഥലം ഏറ്റെടുക്കാൻ റവന്യൂ വകുപ്പിൽ നിന്നുള്ള അനുമതി മുമ്പ് ലഭിച്ചിരുന്നു. നാലുമാസത്തിനകം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പട്ടാമ്പി നഗരസഭയെയും തൃത്താല പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ പഴയ കടവിലാണ് പാലം വരിക. പദ്ധതിക്ക് 30.86 കോടിയുടെ സാമ്പത്തികാനുമതി ഏപ്രിലിൽ ലഭിച്ചിരുന്നു. 7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാതയും അടക്കം 370.9 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക. ഇരുഭാഗത്തേക്കുമുള്ള അനുബന്ധ റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല.

പദ്ധതിക്ക് ഒച്ചിഴയും വേഗം

കുറ്റിപ്പുറത്തു നിന്നാരംഭിച്ച് പട്ടാമ്പി- ചെങ്ങണാംകുന്ന് വഴി ഷൊർണൂരിൽ എത്തിച്ചേരുന്ന പാത പട്ടാമ്പിക്കാരുടെ സ്വപ്നമാണ്. പദ്ധതിക്ക് ആറുവർഷം മുമ്പ് ഭരണാനുമതി ലഭിച്ചെങ്കിലും ഒച്ചിഴയും പോലെയാണ് നടപടി. പട്ടാമ്പിയിലെ പ്രധാന റോഡിൽ പ്രവേശിക്കാതെ ഷൊർണൂരിലെത്താനാവുന്ന പദ്ധതിയാണിത്.

നിലവിൽ പട്ടാമ്പിയിൽ നിന്ന്‌ കിഴായൂർ റോഡിൽ ചെങ്ങണാംകുന്ന് വരെയാണ് റോഡുള്ളത്. ഇനി സ്ഥലമേറ്റെടുക്കലടക്കം നടപടി ഏറെയുണ്ട്. പലയിടത്തും പുതുതായി റോഡും നിർമ്മിക്കണം. യാത്രാ ദൂരം അഞ്ചര കിലോമീറ്ററോളം കുറയുന്ന പദ്ധതിയാണിത്. പാത വന്നാൽ പട്ടാമ്പി നഗരത്തിലെ ഗതാഗത തിരക്കും കുറയും.

മേൽപ്പാലം വേണം

പട്ടാമ്പിയുടെ ഗതാഗതത്തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് നഗരത്തിൽ മേൽപ്പാലമടക്കം പുതിയ ഗതാഗത സൗകര്യം വേണമെന്ന് യാത്രക്കാർ. പെരിന്തൽമണ്ണ റോഡിൽ നിന്നു തുടങ്ങി പുഴയ്‌ക്കപ്പുറം അവസാനിക്കുന്ന മേൽപ്പാലം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദീർഘകാല പദ്ധതിയെന്ന നിലയ്ക്ക് ഇപ്പോൾ തന്നെ ആസൂത്രണം അനിവാര്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.