lorry

കൊല്ലങ്കോട്: സ്കൂ​ൾ സ​മ​യ​ത്ത് ടി​പ്പ​റു​ക​ളുടെ മരണപ്പാച്ചിൽ ക​ണ്ണ​ട​ച്ച് പൊ​ലീ​സ് അധികൃതർ. കൊല്ലങ്കോട്, പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ തുടങ്ങിയ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൂടെയാണ് ദിവസേന സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​ർ ലോറികളുടെ വേഗ പാച്ചിൽ. രാ​വി​ലെ എ​ട്ട​ര മു​ത​ൽ പ​ത്ത​ര വ​രെ​യും വൈ​കിട്ട് മൂ​ന്ന​ര മു​ത​ൽ അ​ഞ്ച​ര​വ​രെ​യും നി​ര​ത്തി​ലി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദ്ദേശം കാ​റ്റി​ൽ പ​റ​ത്തിയാണ് ലോറികൾ ചീറിപ്പാ​യു​ന്നത്. വേഗതയിൽ കടന്നുപോകുന്ന ടി​പ്പ​റു​ക​ൾ പലയിടങ്ങളിലും അപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയെടുക്കേണ്ട അധികൃതർ കണ്ണടയ്ക്കുകയാണ്. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തിവ​രെ ഇ​ട​പെ​ട്ടി​ട്ടും പൊ​ലീ​സ് രം​ഗ​ത്ത് വ​രാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ടിപ്പ​റു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ല​ങ്കോ​ട്ടെ ര​ക്ഷി​താ​ക്ക​ൾ ഒ​പ്പു​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഭരം കയറ്റിയ വാഹനങ്ങൾ തിരക്കുള്ള സമയങ്ങളിൽ ടൗണിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ അവ കസ്റ്റഡിയിൽ എടുക്കണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിർദ്ദേശം. പക്ഷേ ഇത് പാലിക്കുന്നില്ലെന്നുമാത്രമല്ല ഇവർക്ക് കടന്നുപോകാൻ ഒത്താശയും ചെയ്തുകൊടുക്കാൻ പൊലീസ് രംഗത്തുണ്ടെന്നതാണ് വസ്തുത. മുതലമട, കൊല്ലങ്കോട് മേഖലകളിൽ കല്ല് കയറ്റിവരുന്ന ലോറികൾ മലയമ്പള്ളം എ.എൽ.പി സ്കൂളിന് മുന്നിലൂടെ ഊട്ടറയിൽ എത്തിച്ചേർന്ന് വടവന്നൂർ പ്ലാപ്പുള്ളി എ.എൽ.പി സ്‌കൂളിന് മുന്നിലൂടെ കടന്ന് പൂന്തോണി ഗായത്രി മില്ലിനു സമീപത്തേക്കാണ് ചീറിപ്പായുന്നത്.

ക്വാറികൾക്കെതിരെ നടപടി കടലാസിൽ മാത്രം

മുതലമട, കൊല്ലങ്കോട്, വടവന്നൂർ, എലവഞ്ചേരി, വണ്ടിത്താവളം പഞ്ചായത്തുകളിൽ പാറ പൊട്ടിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്നാണ് ജില്ലാ ജിയോളജി വിഭാഗം അധികൃതർ പറയുന്നത്. എന്നാൽ ഈ മേഖലകളിൽ അനധികൃതമായി പത്തിലധികം ക്വാറികൾ പ്രവൃത്തിക്കുന്നണ്ട്. അനധികൃതമായി പാറ പൊട്ടിച്ച് അവ കയറ്റി പോകുന്നത് തടയാൻ ജിയോളജി വകുപ്പും പൊലീസും റവന്യൂ വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു മാസം മുമ്പ് ജിയോളജി വകുപ്പിന്റെ പരിശോധന നടന്നെങ്കിലും നടപടി കടലാസിലൊതുങ്ങി. അധികൃതകുടെ നടപടികൾക്ക് തുടർച്ചയുണ്ടാവണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.