
ചിറ്റൂർ: വടകരപ്പതിൽ പഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ കോളനിയിലെ ജനങ്ങൾ അവഗണിക്കുന്നതായി ആരോപിച്ച് ആദിഗോത്ര സഭയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ കൂട്ടധർണ നടത്തി. ഗോത്രവിഭാഗക്കാർ താമസിക്കുന്ന പഞ്ചായത്തിലെ 13 കോളനികളെ അവഗണിച്ച് ജില്ലാ കളക്ടർ അടുത്ത ഒരു കോളനിയിൽ മാത്രം ഫണ്ട് വിനിയോഗവും മറ്റും നടത്തുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മൂന്ന് മാസം മുൻപ് നൽകിയ പരാതിയിൽ നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.വി.വിരേന്ദ്രൻ അദ്ധ്യക്ഷനായി. കെ.അയ്യപ്പൻ, എ.വി.അജീഷ്, പഴനിയമ്മ, ഓമന, കുഞ്ചൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ആരെയും പഞ്ചായത്ത് അവഗണിക്കുന്നില്ലെന്നും എല്ലാ കോളനിയിലും ഫണ്ട് വിനിയോഗം നടത്തുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി.ജോസി ബ്രിട്ടോ പറഞ്ഞു.