bus-stand
ചെർപ്പുളശ്ശേരിയിൽ പുതിയ ബസ്‌ സ്റ്റാൻഡ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.

ചെർപ്പുളശ്ശേരി: നഗര വികസനത്തിന്റെ ഭാഗമായുള്ള പ്രധാന പദ്ധതികളിലൊന്നായ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ധ്രുതഗതിയിൽ പുരോഗമിക്കുന്നു. ബസ് ടെർമിനൽ പ്രവർത്തികളും യാഡിന്റെ പ്രവൃത്തികളുമെല്ലാം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
2014ൽ പഞ്ചായത്തായിരിക്കുമ്പോഴാണ് പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം 40 സെന്റ് സ്ഥലത്ത് പുതിയ സ്റ്റാൻഡിന് തറക്കല്ലിട്ടത്. പിന്നീട് നഗരസഭയാവുകയും എൽ.ഡി.എഫ് മാറി യു.ഡി.എഫ് നഗരസഭയിൽ അധികാരത്തിലേറുകയും ചെയ്തു. എന്നാൽ ഫണ്ട് അപര്യാപ്ത മൂലം അന്നത്തെ യു.ഡി.എഫ് ഭരണ സമിതിക്ക് സ്റ്റാൻഡ് നിർമ്മാണം പൂർത്തികരിക്കാൻ സാധിച്ചില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണത്തിലേത്തിയതോടെയാണ് സ്റ്റാൻഡ് നിർമ്മാണം പുനഃരാരംഭിച്ചത്.

എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം കൂടിയായിരുന്നു പുതിയ സ്റ്റാൻഡ്. ആദ്യഘട്ടമായി 47 ലക്ഷത്തിന്റെ പ്രവൃത്തികളാണ് നടത്തിയത്. 35 ലക്ഷം യാർഡിനും 12 ലക്ഷം ശൗചാലയത്തിനും ഫണ്ട് നീക്കിവച്ചു. ഈ പ്രവൃത്തികളെല്ലാം പൂർത്തീകരണത്തിലാണ്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷവും അനുവദിച്ചിരുന്നു.

ഏപ്രിലിൽ തുറക്കും

ഒന്നരക്കോടി രൂപയാണ് സ്റ്റാൻഡ് നിർമ്മാണത്തിന് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. 2023 മാർച്ചോടെ പ്രവൃത്തി പൂർത്തീകരിച്ച് ഏപ്രിലിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ഷോപ്പിംഗ് കോംപ്ലക്സ് കൂടി ഇവിടെ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. പുതിയ സ്റ്റാൻഡ് തുറന്നാലും പഴയത് നവീകരിച്ച് നിലനിറുത്തും. നിലവിലെ സ്റ്റാൻഡിൽ സ്ഥല പരിമിതി മൂലം വലിയ പ്രയാസമാണ് ബസ് ജീവനക്കാരും യാത്രക്കാരും നേരിടുന്നത്.