പാലക്കാട്: ജില്ലാ സ്കൂൾ കായികമേളയിൽ പരിക്കേൽക്കുന്ന താരങ്ങൾക്ക് ആശ്വാസമായി ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ. ഡി.എം.ഒ ഡോ.എസ്.ഷിബു, സി.എം.ഒ ഡോ.ടി.ഗീത റാണി എന്നിവരുടെ നേതൃത്വത്തിൽ ഡോ.പി.മഞ്ജുവാണ് ചികിത്സ നൽകുന്നത്. കൂടെ സേവന സന്നദ്ധരായി തെറാപ്പിസ്റ്റുകളായ എ.ജൂലിയറ്റ് ജെൻസി, ജിഷ്ണു എന്നിവരുമുണ്ട്.
വേദന അകറ്റാൻ സ്‌പ്രേ, ഗുളികകൾ, അരിഷ്ടം, മുറിവുകളും ചതവുകളും സംഭവിച്ചവർക്കും പേശിവലവ് മൂലം ഓടാൻ കഴിയാത്തവർക്ക് പ്രത്യേക ചികിത്സയും നൽകുന്നുണ്ട്. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് മറ്റും. അത്‌ലറ്റിക് അസോസിയേഷൻ ചാമ്പ്യൻഷിപ്, സിവിൽ സർവീസ് മീറ്റ്, പറളി- പാലക്കാട് ഉപജില്ലാ കായിക മേളകൾ തുടങ്ങി മിക്ക സ്പോർട്സ് മീറ്റുകളിലും ജില്ലാ ആയുർവേദ ആശുപത്രിയുടെ സേവനം ലഭ്യമാക്കിയിരുന്നു.