 
മങ്കര: കൂട്ടുപാതയിലെ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തനം പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ആറുവർഷമായി കേന്ദ്രം പ്രവർത്തിക്കുന്നില്ല. പ്രദേശം ഒരാൾ ഉയരത്തിൽ കാട് മൂടിയതോടെ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമായി മാറി. നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ഗേറ്റും മതിലും മുൻഭാഗവും ഭാഗികമായി തകർന്നതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചത്.
മങ്കരയിലെ വീട്ടമ്മമാർക്ക് ഏറെ പ്രയോജകരമായിരുന്നു ഇവിടം. പ്രവർത്തനം നിലച്ചതോടെ വെള്ള റോഡിലെ കുടുംബാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. കാടുവെട്ടി ശുചീകരിക്കണമെന്നും ഉപകേന്ദ്രം പുനരാരംഭിക്കണമെന്നുമാണ് ജനകീയ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ അറിയിച്ചു. പൊതുപ്രവർത്തകൻ ഷംസുദ്ദീൻ മാങ്കുറുശ്ശി, കൃഷ്ണദാസ്, കനകൻ, ജോമേഷ്, ഉത്തമൻ, കെ.യൂസഫ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.