
നെന്മാറ: രണ്ടാംവിള കൃഷിക്കായി പോത്തുണ്ടി കനാലിലൂടെ ഇന്നുരാവിലെ പത്തുമുതൽ നിയന്ത്രിത അളവിൽ ജലവിതരണം നടത്തും. കെ.ബാബു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. കനാലുകൾ വൃത്തിയാക്കുന്ന പണി പൂർണമല്ലെങ്കിലും താത്കാലികമായി വെള്ളം തുറന്നുനൽകാനാണ് തീരുമാനം.
പഞ്ചായത്തുകളിൽ നിന്ന് പ്ലാൻ ഫണ്ട് ലഭ്യമാക്കി കരാറുകാരെ ഉപയോഗിച്ച് കനാൽ വൃത്തിയാക്കും. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ നടന്ന ചർച്ചയെ തുടർന്ന് ഭാഗികമായി വെള്ളം വിടുന്നതിനോടൊപ്പം തന്നെ വൃത്തിയാക്കൽ നടപടിയും വിവിധ ഇടങ്ങളിലായി തുടരും.
എത്ര ദിവസത്തേക്ക് എത്രയളവിൽ വെള്ളം തുറക്കുമെന്നും മറ്റുമുള്ള തീരുമാനം പിന്നീടറിയിക്കും. ഞാറു പറിച്ചുനടാനും ഉഴുതുമറിക്കാനും വെള്ളമില്ലാതെ മിക്കയിടങ്ങളിലും കൃഷിയിറക്കൽ വൈകിയിരിക്കുകയാണ്. ജലസേചന വകുപ്പിൽ ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് കനാൽ വൃത്തിയാക്കുന്ന ജോലി വൈകിയത്.