
ഒറ്റപ്പാലം: പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുഴിയിൽ പരേതനായ വാസുമോഹന്റെ ഭാര്യ സരസ്വതി അമ്മയെ (68) കഴുത്തറുത്ത് കൊന്ന് മകൻ വിജയകൃഷ്ണൻ (ഉണ്ണി, 47) തൂങ്ങി മരിച്ചു. കറിക്കത്തികൊണ്ടാണ് സരസ്വതിയമ്മയെ കൊലപ്പെടുത്തിയത്.ഇന്നലെ രാവിലെ ഒമ്പതരയോടെ സരസ്വതി അമ്മയുടെ രണ്ടാമത്തെ മകൻ വിജയാനന്ദിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
തോട്ടക്കരയിലെ ഭാര്യ വീട്ടിലായിരുന്ന വിജയാനന്ദ് രാവിലെ എത്തിയപ്പോൾ വീടിന്റെ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈവശമുണ്ടായിരുന്ന താക്കോലുപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയിൽ സരസ്വതിയമ്മയെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയിൽ വിജയകൃഷ്ണനെയും കണ്ടു.
വാണിയംകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന സരസ്വതിയമ്മ കഴിഞ്ഞ 16നാണ് വീട്ടിൽ മടങ്ങിയെത്തിയത്. ഭർത്താവ് റിട്ട. റെയിൽവെ ജീവനക്കാരനായ വാസുമോഹൻ രണ്ടുവർഷം മുമ്പാണ് മരിച്ചത്.
അവിവാഹിതനായ വിജയകൃഷ്ണന് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു.