march
പ്ലാച്ചിമട സത്യഗ്രഹ സമരത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും പ്ലാച്ചിമട ട്രൈബ്യൂണൽ നിയമം ഉടൻ പാസാക്കണമെന്നാവശ്യപ്പെട്ടും സമരസമിതി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്.

പാലക്കാട്: 100 ദിവസമായി പ്ലാച്ചിമടയിൽ നടക്കുന്ന സത്യഗ്രഹ സമരത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും പ്ലാച്ചിമട ട്രൈബ്യൂണൽ നിയമം ഉടൻ പാസാക്കണമെന്നാവശ്യപ്പെട്ടും സമര സമിതി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. 100 ദിവസത്തെ സത്യഗ്രഹത്തിൽ പങ്കെടുത്തവർ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി ധർണയിൽ പങ്കാളികളായി.

സർക്കാർ ജനങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ ഭരണഘടന നൽകുന്ന അപകട സാദ്ധ്യതയില്ലാതെ ജീവിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് ധർണ ഉദ്ഘാടനം ചെയ്ത പ്രമുഖ ഊർജ വിദഗ്ദ്ധൻ ഡോ.സാഗർധാര പറഞ്ഞു. ഈ നാശത്തിന്റെ പ്രധാന കാരണം കൊക്കക്കോളയാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞ സാഹചര്യത്തിൽ ട്രൈബ്യൂണൽ നിയമം നടപ്പാക്കാൻ സർക്കർ ഇടപെടണം. അല്ലെങ്കിൽ അത് മൗലികാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

2016ലെ തിരഞ്ഞെടുപ്പിൽ പ്ലാച്ചിമട നഷ്ടപരിഹാരത്തിന് ട്രൈബ്യൂണൽ സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകി പുറത്തിറക്കിയ എൽ.ഡി.എഫ് പ്രകടന പത്രിക കത്തിച്ചു. കളക്ടർക്ക് നിവേദനവും നൽകി. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അദ്ധ്യക്ഷനായി.

സി.ആർ.നീലകണ്ഠൻ, ഈസാബിൻ അബ്ദുൾ കരീം, വിജയൻ അമ്പലക്കാട്, എം.സുലൈമാൻ, എൻ.സുബ്രമണ്യൻ, കെ.ശക്തിവേൽ, എസ്.രാജീവൻ, കെ.സഹദേവൻ, എൻ.ഡി.വേണു, ശാന്തി വിജയനഗർ, കെ.മായാണ്ടി സംസാരിച്ചു.