
പട്ടാമ്പി: തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി റിസോഴ്സ് മാപ്പിംഗ് പൂർത്തിയായി. പഞ്ചായത്തുകളിലെ ടൂറിസം സാദ്ധ്യതകളായ നാടൻ കലാകാരന്മാർ, നാടൻ കലകൾ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ, കർഷകർ, കരകൗശല വിദഗ്ദ്ധർ, പുരാതന തറവാടുകൾ, ആരാധനാലയങ്ങൾ, പൈതൃക സ്ഥലങ്ങൾ, ജലാശയങ്ങൾ, നാടൻ ഭക്ഷണം, അന്യംനിന്ന് പോകുന്ന കലാ-സംസ്കാരങ്ങൾ എന്നിവ കണ്ടെത്തി അവയെ ടൂറിസം സാദ്ധ്യതകളായി പ്രയോജനപ്പെടുത്തുന്നതിനും റിസോഴ്സ് ഡയറക്ടറി തയ്യാറാക്കി പ്രകാശനം ചെയ്യുന്നതിനുമാണ് മാപ്പിംഗ്.
ഡയറക്ടറിയുടെ കരടും തയ്യാറാണ്. പദ്ധതി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പട്ടിത്തറയിൽ പഞ്ചായത്തുതല ടൂറിസം വികസന സമിതി രൂപീകരിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്ന ഹോംസ്റ്റേ, ഫാംസ്റ്റേ, കമ്മ്യൂണിറ്റി ടൂർ ലീഡർ എന്നിങ്ങനെ തദ്ദേശീയരിൽ നിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. ഇവർക്കുള്ള പരിശീലനം ഡിസംബറിൽ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് ടൂറിസം നടപ്പാക്കുന്നത്. ഇതിൽ ജില്ലയിൽ നിന്ന് തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ടൂറിസം വകുപ്പിന് കീഴിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിത്. സസ്റ്റൈനബിൾ (സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്ന), റെസ്പോൺസിബിൾ (ഉത്തരവാദിത്തമുള്ള), എക്സ്‌പീരിയൻഷ്യൽ (അനുഭവഭേദ്യമായ), എത്‌നിക് (പാരമ്പര്യ തനിമയുള്ള), ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസത്തിന്റെ വൈവിദ്ധ്യങ്ങൾ വിനോദ സഞ്ചാരികൾക്ക് അനുഭവിച്ചറിയാൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.