srnr-swami-vivekananda

ഷൊർണൂർ: സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശന സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ കേന്ദ്രം അനുവദിച്ച തുക ആറുവർഷമായിട്ടും തൊടാതെ നഗരസഭ. 130 വർഷം മുമ്പാണ് നവംബർ 27ന് സ്വാമി വിവേകാനന്ദൻ കേരള സന്ദർശനത്തിന്റെ ഭാഗമായി ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ തീവണ്ടിയിറങ്ങുന്നത്.

പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗത്ത് ആൽമര തൈ നട്ട അദ്ദേഹം തോണിയിൽ പുഴ കടന്ന് ചെറുതുരുത്തിയിലെത്തി കാളവണ്ടിയിൽ തൃശൂരിലേക്കും തുടർന്ന് തിരുവനന്തപുരത്തേക്കും യാത്ര ചെയ്തു. കേരളത്തിലെ അയിത്തവും അനാചാരങ്ങളും കണ്ട് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചെങ്കിലും ഒരു നവോത്ഥാന വിപ്ലവത്തിന് തിരി കൊളുത്തിയ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ഷൊർണൂരിലും തിരുവനന്തപുരത്തുമായി രണ്ട് പ്രതിമകൾ അനാച്ഛാദനം ചെയ്യാൻ കേന്ദ്രം തുക അനുവദിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു വർഷം കൊണ്ട് തന്നെ പ്രതിമ അനാച്ഛാദനം നടന്നെങ്കിലും ഷൊർണൂരിൽ പ്രഖ്യാപനം നടന്ന് ആറുവർഷം കഴിഞ്ഞിട്ടും അനക്കമില്ല. ഇതിനായി ലഭിച്ച 25 ലക്ഷം രൂപ എന്ത് ചെയ്തെന്നും ആർക്കുമറിയില്ല.

കാടുകയറിയ പദ്ധതി

കൊച്ചിൻ പാലത്തിന് സമീപം ഭാരതപ്പുഴയോരത്ത് പ്രതിമ സ്ഥാപനത്തിനും സ്മാരക പദ്ധതിക്കുമായി സർക്കാർ അനുവദിച്ച സ്ഥലം കാടുകയറി കിടക്കുന്നുണ്ട്. മുൻ നഗരസഭാദ്ധ്യക്ഷ ഈ സ്ഥലത്ത് നിർമ്മാണോദ്ഘാടന ചടങ്ങ് നിർവഹിച്ചിരുന്നു. പിന്നെയും കടന്നുപോയി രണ്ടുവർഷം. വെങ്കല പ്രതിമ നിർമ്മിച്ചെന്നും വിവേകാനന്ദന്റെ മുഖച്ഛായയില്ലെന്ന പേരിൽ സ്ഥാപിച്ചില്ലെന്നും പലരും പറയുന്നുണ്ടെങ്കിലും പദ്ധതി സംബന്ധിച്ച് കൃത്യമായി വിവരം നൽകാൻ നഗരസഭാ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അനുസ്മരണം നാളെ

നഗരസഭാ അധികൃതരുടെ സ്വാമി വിവേകാനന്ദനോടുള്ള അനാദരവിലും ഫണ്ട് കിട്ടിയിട്ടും സ്മാരകത്തിന് തുക ചെലവഴിക്കാത്തതിലും പ്രതിഷേധിച്ച് വിവേകാനന്ദ പഠനകേന്ദ്രവും ഹൈന്ദവ സംഘടനകളും നാളെ റെയിൽവെ സ്റ്റേഷനിൽ അദ്ദേഹം നട്ട ആൽമരച്ചുവട്ടിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഷൊർണൂർ ശിവക്ഷേത്ര ഹാളിൽ വേദിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും നഗരസഭക്കെതിരെ പ്രതിഷേധ യോഗവും നടത്തുന്നുണ്ട്.