forest

നെന്മാറ: ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിലെ വന്യജീവി ആക്രമണങ്ങൾക്കും കൃഷി നാശത്തിനും അറുതിയില്ല. ജനവാസ മേഖലയിൽ ആട്, പശു മുതലായവ വളർത്തുന്ന കർഷകർക്ക് നിരന്തരമായുള്ള പുലി ഭീഷണി വൻ പ്രതിസന്ധിയാണ്. ആനകളും പന്നികളും ഇറങ്ങി കൃഷി നശിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടും ചില്ലറയല്ല.

വീടിനോട് ചേർന്ന് തൊഴുത്തിലും കൂട്ടിലും കെട്ടിയിടുന്ന പശുക്കളെയും ആടുകളെയും വളർത്തു നായ്ക്കളെയും നിരന്തരം പുലിപിടിച്ചു കൊണ്ടുപോകുന്നത് കരിമ്പാറ, തളിപ്പാടം, നിരങ്ങൻപാറ, കോപ്പൻകുളമ്പ്, ചള്ള, കൽച്ചാടി, ഒലിപ്പാറ പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുന്നു.

ഒരുമാസം മുമ്പ് തളിപ്പാടം ചവക്കാട് ഭാഗത്ത് കൃഷ്ണന്റെ വീട്ടുവളപ്പിൽ തുടർച്ചയായി മൂന്നുദിവസം കാട്ടാന എത്തിയതിനെ തുടർന്ന് കുടുംബം താൽക്കാലികമായി താമസം മാറ്റി. കഴിഞ്ഞ ദിവസം പുലി ആടിനെ പിടിച്ച വീടിന് സമീപത്തെ കരിമ്പാറ വനമേഖലയിലെ വൈദ്യുത വേലി തകർത്ത് റോഡിലേക്കിറങ്ങിയ കാട്ടാന മരങ്ങൾ തള്ളിയിടുകയും വാഴകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ മാൻ, മയിൽ, കുരങ്ങൻ, മലയണ്ണാൻ എന്നിവയും കൃഷി നശിപ്പിക്കുന്നത് പതിവാണ്.

രാത്രി യാത്ര വേണ്ട

സന്ധ്യയോടെ നെന്മാറ- കരിമ്പാറ റൂട്ടിൽ കാട്ടുപന്നി, പുലി, മാൻ എന്നിവയുടെ സാന്നിദ്ധ്യം പതിവായതിനാൽ ഇരുചക്ര വാഹനക്കാർ യാത്ര ചെയ്യാൻ ഭയക്കുന്നു. തളിപ്പാടം, കരിമ്പാറ, ചെവിണി, നിരങ്ങൻപാറ, കോപ്പൻ കുളമ്പ്, കൽച്ചാടി മേഖലകളിലെ തെരുവ് വിളക്കുകൾ കത്താത്തതും ഭീഷണിയാണ്.

ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണം മൂലം പ്രദേശങ്ങളിലെ റബ്ബർ ടാപ്പിംഗ് സമയവും മാറ്റി. രാവിലെ ഏഴിന് ശേഷമേ പലരും ടാപ്പിംഗ് തുടങ്ങുന്നുള്ളൂ. ഇത് ഏറെ ഉത്പാദന നഷ്ടത്തിന് വഴിയൊരുക്കുന്നു.

കർഷകരുടെ ആവശ്യം

കാട്ടുമൃഗങ്ങളെ അകറ്റാൻ സൗരോർജ്ജ വേലി കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്നും ആനകളെ പ്രതിരോധിക്കാൻ തൂക്കവേലി സ്ഥാപിക്കണമെന്നും പുലിയെ കൂടുവെച്ച് പിടിക്കണമെന്നും പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നു.