paddy

ഒറ്റപ്പാലം: ലക്കിടി - പേരൂരിൽ കനാൽ വൃത്തിയാക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. വെള്ളമില്ലാതെ നെൽവയലുകൾ വിണ്ടുകീറുന്നു. മംഗലം, മറുവപ്പാടം, പുത്തൂർ പാടശേഖര സമിതികളിലെ 200 ഏക്കറോളം വരുന്ന നെൽക്കൃഷിയാണ് ഉണക്കഭീഷണി നേരിടുന്നത്. ഒന്നരമാസമായ കൃഷിയാണ് മതിയായ ജലസേചനമില്ലാതെ ഉണങ്ങുന്നത്.

ലക്കിടി പടിഞ്ഞാറെപ്പാടം, പാലപ്പുറം പാടശേഖര സമിതികളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രദേശത്തെ രണ്ടാംവിള പൂർണമായും കനാൽവെള്ളത്തെ ആശ്രയിച്ചാണ്. കർഷകർ ഏക്കറിന് 40,000 രൂപ ചെലവാക്കിയാണ് ഇത്തവണ രണ്ടാംവിളയിറക്കിയത്. മുൻവർഷങ്ങളിലെ പോലെ ഇത്തവണയും കനാൽ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടാംവിളയിറക്കിയത്. നാലുദിവസത്തിനുള്ളിൽ വെള്ളമെത്തിയില്ലെങ്കിൽ വിള പൂർണമായും നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ വൃത്തിയാക്കാത്തത് തിരിച്ചടിയായി. അടിയന്തരമായി വെള്ളമെത്തിച്ച് വിള സംരക്ഷിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ അടുത്തവർഷം മുതൽ നെൽക്കൃഷിയിൽ നിന്ന് പൂർണമായും പിന്മാറുമെന്ന് കർഷകർ പറയുന്നു.

സൗകര്യങ്ങളില്ലാത്ത കർഷകർ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വരൾച്ചയില്ലാതെ ഒന്നും രണ്ടും വിള കൃഷിയിറക്കുന്നതിനുവേണ്ടി പ്രവർത്തനമാരംഭിച്ച മൂച്ചിത്തോട്ടം തിരുണ്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും 15 വർഷത്തിലധികമായി പ്രയോജനമില്ലാതെ കിടക്കുകയാണ്. കാലവർഷത്തിൽ മാത്രം നിറഞ്ഞൊഴുകാറുള്ള തിരുണ്ടി തോടിനെ ആശ്രയിച്ച് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പദ്ധതി പ്രവർത്തനം നിലച്ചതോടെ കർഷകർ കൃഷിയിറക്കുന്നതിൽ നിന്ന്‌ പിന്തിരിയാൻ തുടങ്ങി. താത്കാലിക പരിഹാരത്തിന് പഞ്ചായത്ത് ശ്രമം നടത്തുന്നുണ്ടെന്നതാണ് കർഷകരുടെ ഏക പ്രതീക്ഷ.

തുലാമഴ കുറഞ്ഞത് തിരിച്ചടിയായി

തിരുണ്ടി പാടശേഖരത്തിലെ 10 ഏക്കർ സ്ഥലത്തെ നെൽക്കൃഷിയാണ് വെള്ളമില്ലാതെ വിണ്ടുകീറിയത്. തുലാമഴ കുറഞ്ഞതും തോട്ടിൽ വെള്ളം നിൽക്കാത്തതും തിരിച്ചടിയായി. ജലദൗർലഭ്യം മൂലം ഒരു പതിറ്റാണ്ടിലേറെയായി ഒന്നാംവിള കൃഷിയിറക്കാത്ത കർഷകർ രണ്ടാംവിളയെയാണ് ആശ്രയിക്കുന്നത്. കാർഷിക വൃത്തിക്കുവേണ്ടി നിർമ്മിച്ച തോട്ടിലെ തടയണയുടെ ഷട്ടറുകൾ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. മരപ്പലകയിൽ തീർത്ത ഷട്ടറുകൾ കാലപ്പഴക്കംമൂലം ദ്രവിച്ചതോടെയാണ് ജലസംഭരണം ഇല്ലാതായത്. ഒരുപൂവൽ കൃഷി നടക്കുന്നുണ്ടെങ്കിലും ചുരുക്കം ചില കർഷകർ മാത്രമാണ് കൃഷിയിറക്കാറുള്ളത്. അവർ തന്നെ കൃഷി ഉണങ്ങിനശിക്കാതിരിക്കാൻ വെള്ളം പമ്പ് ചെയ്യേണ്ട സ്ഥിതിയിലാണ്. പല കർഷകരും ഇപ്പോൾ തന്നെ വെള്ളം പമ്പ് ചെയ്ത് തുടങ്ങിയിട്ടുണ്ട്.