
കൊഴിഞ്ഞാമ്പാറ: തക്കാളിവില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്ക് കൈത്താങ്ങായി ഹോർട്ടികോർപ്പ് സംഭരണം ആരംഭിച്ചു. തമിഴ്നാട്ടിലും കേരളത്തിലും തക്കാളി സീസൺ ആരംഭിതോടെയാണ് വിലയിടിഞ്ഞത്. മുടക്കു മുതൽ പോലും ലഭിക്കാതെ കർഷകർ പ്രതിസന്ധിയിലായതോടെയാണ് കൃഷിവകുപ്പ് ഇടപെട്ട് ഹോർട്ടി കോർപ്പ് സംഭരണം ആരംഭിച്ചത്. എരുത്തേമ്പതി കൃഷിഭവൻ പരിധിയിൽ നിന്ന് രണ്ടു ടൺ തക്കാളിയും വടകരപ്പതിയിൽ നിന്ന് ഒന്നര ടൺ തക്കാളിയും കഴിഞ്ഞദിവസം ഹോർട്ടി കോർപ്പ് ശേഖരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വേലന്താവളം മാർക്കറ്റിൽ ഒരുകിലോ തക്കാളിക്ക് 4 രൂപ മുതൽ 8 രൂപ വരെയാണ് കർഷകർക്ക് കിട്ടിയിരുന്നത്. എന്നാൽ ഒരുകിലോ തക്കാളി 12 രൂപ നിരക്കിലാണ് ഹോർട്ടി കോർപ്പ് സംഭരിക്കുന്നത്. മറ്റു പച്ചക്കറി വർഗങ്ങളെ പോലെ തക്കാളി സംഭരിച്ചുവെയ്ക്കാൻ സാധിക്കാത്തത് മുതലെടുത്താണ് ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുന്നത്. വരും ദിവസങ്ങളിലും സംഭരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.