canal

പാലക്കാട്: രണ്ടാംവിള നെൽകൃഷിക്ക് ജലസേചന പദ്ധതികളിലൂടെ വെള്ളം തുറന്നുവിടുന്ന പശ്ചാത്തലത്തിൽ കനാൽ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി കർഷകർ. പാടങ്ങളിൽ വെള്ളം സുഗമമായെത്തുന്നതിന് ജലസേചന വകുപ്പ് കനാലുകളുടെ അറ്റകുറ്റപ്പണി നടത്തുകയാണ് സാധാരണ പതിവ്. ഇടക്കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ നവീകരണം നടന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ആവർത്തന പണികൾ ചെയ്യാൻ പാടില്ല. ഈ സാഹചര്യത്തിൽ കനാൽ നവീകരിക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞ് ജലസേചന വകുപ്പ് പിന്മാറുകയാണ്. ഇതോടെ ജില്ലയിലെ രണ്ടാംവിള കൃഷി ചെയ്യുന്ന കർഷകർ ആശങ്കയിലായി.

കാർഷികാവശ്യങ്ങൾക്കായി അണക്കെട്ടുകളിൽ നിന്ന് വെള്ളം നൽകുന്നതിന് കർഷകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് പ്രതിവർഷം ജലസേചന വകുപ്പ് പിരിച്ചെടുക്കുന്നത്. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ കോടിക്കണക്കിന് രൂപ നീക്കിയിരിപ്പുണ്ട്. ഈ തുകയെല്ലാം കനാൽ അറ്റകുറ്റപ്പണി അടക്കം കാർഷികാവശ്യത്തിന് ഉപയോഗിക്കുന്നതിന് പകരം ഫണ്ടില്ലെന്ന് പറഞ്ഞ് അറ്റകുറ്റപ്പണി നടത്താത്തത് വെല്ലുവിളിയായി മാത്രമേ കാണാനാകൂവെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഇക്കാര്യം ചുണ്ടിക്കാട്ടി ജലസേചന വകുപ്പ്, ജില്ലാഭരണകൂടം എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ചക്കകം മറുപടി ലഭിക്കാത്ത പക്ഷം നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേശീയ കർഷക സംരക്ഷണ സമിതി അറിയിച്ചു.

രണ്ടാംവിളയിൽ പ്രതിസന്ധി കടുക്കുന്നു

വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ ഞാറ്റടിക്ക് മൂപ്പുകൂടിയാൽ വിളവിനെ ബാധിക്കും. കനാൽ നവീകരിക്കാത്തതിനെ തുടർന്ന് രണ്ടാം വിളയിറക്ക് വൈകിയാണ് നടന്നത്. ഇനി മാർച്ചുവരെ വെള്ളം തുറന്നുവിട്ടാലേ വിളവെടുപ്പ് നടത്താനാകൂ. ഇത്രയും കാലം വെള്ളം തുറന്നുവിട്ടാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. നിലവിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ജലസേചന വകുപ്പിനൊപ്പം ജില്ലാ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും ഒഴിഞ്ഞുമാറാനാവില്ല. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കനാലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കണം. റിവർ മാനേജ്‌മെന്റ് ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടുകളും എം.എൽ.എ, എം.പി ഫണ്ടുകളും ഇതിന് വിനിയോഗിക്കണം. ജലസേചന വകുപ്പ് കൃഷി വകുപ്പുമായി യോജിച്ച് പ്രവർത്തിക്കുന്ന രീതിയിൽ മാറ്റം വരണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

നിയമ നടപടി സ്വീകരിക്കും

വർഷങ്ങളായി ജില്ലയിലെ രണ്ടാംവിള നെൽകൃഷി ജലസേചന പദ്ധതികളിലെ വെള്ളമുപയോഗിച്ചാണ് നടത്തുന്നത്. കനാലുകൾ നന്നാക്കാൻ ജലസേചന വകുപ്പ് നടപടി സ്വീകരിക്കാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ദേശീയ കർഷക സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലകൃഷ്ണൻ കുനിശ്ശേരി, ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ,​ വൈസ് പ്രസിഡന്റ് കെ.ജയരാമൻ എന്നിവർ അറിയിച്ചു.