
ഒറ്റപ്പാലം: പത്തൊമ്പതാം മൈലിൽ താമരക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം തെരുവത്തകത്ത് വീട് മുഹമ്മദ് നാസറിന്റെ മകൻ മുഹമ്മദ് സിനാനാണ് (15) മരിച്ചത്. വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
ഇന്നലെ രാവിലെ സുഹൃത്തുക്കളായ സഹൽ, സുഹൈൽ എന്നിവർക്കൊപ്പം കുളത്തിലിറങ്ങിയ സിനാൻ നീന്തുന്നതിനിടെ കൈകാൽ കുഴഞ്ഞ് കുളത്തിന്റെ ആഴമേറിയ മധ്യഭാഗത്ത് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും ഒറ്റപ്പാലം പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. തെരച്ചിലിൽ കുളത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തി.
ഉപയോഗശൂന്യമായി കിടന്നിരുന്ന താമരക്കുളം അടുത്ത കാലത്താണ് ലക്ഷങ്ങൾ മുടക്കി നവീകരണം പൂർത്തിയാക്കിയത്. ഒരേക്കറിലധികം വിസ്തൃതി വരുന്ന താമരക്കുളം വിദ്യാർത്ഥികളെ അടക്കം കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. കുളിക്കാനും നീന്താനും നീന്തൽ പഠിക്കാനും നിരവധി പേർ എത്തുന്നു. വിദ്യാർത്ഥിയുടെ മുങ്ങിമരണത്തോടെ കുളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.