
പാലക്കാട്: വാളയാർ - പോത്തനൂർ റെയിൽവേ ട്രാക്കിൽ കാട്ടാനകൾ ട്രെയിൻ തട്ടി ചെരിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ രാത്രിയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
പാലക്കാട് ഡിവിഷനിൽ വാളയാർ - പോത്തനൂർ റൂട്ടിൽ ബി - ലൈനിൽ 13 കിലോമീറ്ററിലും എ - ലൈനിൽ 10 കിലോമീറ്ററിലുമാണ് നിലവിൽ വേഗനിയന്ത്രണമുള്ളത്. നിലവിൽ 45 കിലോമീറ്ററായി വേഗം നിജപ്പെടുത്തിയാണ് ഈ റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ബി - ലൈനിലാണ് സ്ഥിരം അപകടങ്ങൾ നടക്കുന്നത്. കാട്ടിലൂടെ പോകുന്ന ഈ ട്രാക്കുകളിൽ കൊടും വളവുകളും കയറ്റിറക്കങ്ങളുമാണ് കൂടുതലാണ്. ഇതിനാൽ തന്നെ 45 കിലോ മീറ്ററിൽ താഴെ വേഗത കുറയ്ക്കുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് റെയിൽവേ വിശദീകരിക്കുന്നു.
വേഗത കുറയുന്നതോടെ കയറ്റിറക്കങ്ങളിൽ ബോഗികൾ പാളംതെറ്റുന്നതിനുവരെ കാരണമാവുമെന്ന് പറയുന്നു. ഇതുസംബന്ധിച്ച റെയിൽവേയുടെ നിലപാട് പലതവണ കോടതിയെ അറിയിച്ചിരുന്നു. പക്ഷേ വേഗം 30 കിലോമീറ്ററായി കുറയ്ക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മദ്രാസ് ഹൈക്കോടതി. വേഗം കുറച്ചില്ലെങ്കിൽ ഈ റൂട്ടിൽ രാത്രി സർവീസ് തന്നെ നിറുത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. വേഗം കുറയ്ക്കൽ പെട്ടെന്ന് നടപ്പാക്കൻ കഴിയില്ലെന്നാണ് റെയിൽവേ പറയുന്നത്. വിശദമായ റിപ്പോർട്ട് തയ്യാറാക്കി സാങ്കേതികപരിശോധന നടത്തിയശേഷമേ നടപ്പാക്കാൻ സാധിക്കൂ. ദക്ഷിണറെയിൽവേ ആസ്ഥാനത്തുനിന്നും ഇതുസംബന്ധിച്ച നിർദേശംവരികയും വേണമെന്നും അധികൃതർ വ്യക്തമാക്കി.
അടിപ്പാതനിർമ്മാണം അതിവേഗം പൂർത്തിയാക്കും
കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ മധുക്കരൈയ്ക്കും എട്ടിമടയ്ക്കും ഇടയിൽ ബി-ലൈനിൽ പ്രധാന ആനത്താരകളുള്ള രണ്ടിടത്ത് അടിപ്പാതനിർമ്മാണം ആരംഭിച്ചു. മധുക്കരൈ - എട്ടിമട സ്റ്റേഷനുകൾക്കിടയിൽ പത്ത് കിലോമീറ്ററിലാണ് രണ്ട് അടിപ്പാതകൾ വരുന്നത്. ഇതിന് 7.49 കോടി അനുവദിച്ചിട്ടുണ്ട്. ആറുമീറ്റർ ഉയരവും 18.3 മീറ്റർ വീതിയുമുള്ള അടിപ്പാത ദക്ഷിണ റെയിൽവേയിൽ ആദ്യമായാണ് നിർമ്മിക്കുന്നത്. ഇതോടെ ആനകൾക്ക് ട്രാക്കിനടിയിലൂടെ സുഗമമായി അപ്പുറത്തേക്ക് കടക്കാൻ സാധിക്കും. ആദ്യ അടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചു. ആവശ്യമായ ഗർഡറുകൾ സ്ഥലത്തെത്തിച്ചു. അടിപ്പാതയുടെ പ്രധാന പ്രവൃത്തി നടക്കുമ്പോൾ ഗതാഗതം താത്‌കാലികമായി നിറുത്തിവെക്കും.