
ഒറ്റപ്പാലം: നാലുനാൾ നീണ്ടു നിൽക്കുന്ന 61ാമത് പാലക്കാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് സ്റ്റേജിതര മത്സരങ്ങളോടെ ഇന്ന് ഒറ്റപ്പാലത്ത് തുടക്കമാവും. എസ്.എസ്.എസ്.കെ.പി.ടി. സ്‌കൂൾ, എൽ. എസ്. എൻ കോൺവെന്റ് എന്നിവിടങ്ങളിലാണ് കലോത്സവ വേദി.
ഡിസംബർ ഒന്ന് വരെ നാലു ദിവസം നീളുന്ന കലോത്സവത്തിൽ ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നുള്ള 298 സ്‌കൂളുകളിൽ നിന്നായി 6728 പ്രതിഭകൾ പങ്കെടുക്കും. പുറമെ ഉപജില്ലകളിൽ നിന്നും 10 ശതമാനം അപ്പീലുകളുടെ അടിസ്ഥാനത്തിൽ മത്സരിക്കാനെത്തുന്നവരുമുണ്ടാവും. കലോത്സവത്തിലെ 278 മത്സര ഇനങ്ങൾക്കായി 34 വേദികളാണ് സജ്ജീകരിക്കുന്നത്. ഇതിൽ 14 വേദികളിൽ സ്റ്റേജിന മത്സരങ്ങൾ നടക്കും. 20 വേദികളാണ് സ്റ്റേജിതര മത്സരങ്ങൾക്കുള്ളത്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് വി.കെ.ശ്രീകണ്ഠൻ എം.പി എൻ എസ്.എസ്.കെ.പി.ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കും. സിനിമാ സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയാവും. ഗ്രീൻ പ്രോട്ടോക്കോൾപ്രകാരമാണ് കലോത്സവം.
ഒറ്റപ്പാലത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പാലക്കാട്-കുളപ്പുള്ളി പാതയിൽ ഇന്ന് മുതൽ ഡിസംബർ ഒന്ന് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ലെക്കിടി മുതൽ വാണിയംകുളം വരെയുള്ള ഭാഗത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നു മുതൽ ഡിസംബർ ഒന്നുവരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കെ.എസ്.ആർ.ടി.സി ബസ്, കലോത്സവത്തിലേക്കുള്ള വാഹനങ്ങൾ, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് മാത്രമേ ഒറ്റപ്പാലം പട്ടണത്തിലേക്ക് പ്രവേശനമുണ്ടാകുവെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ഭാഗത്തുനിന്നുവരുന്ന മറ്റു വാഹനങ്ങൾ മംഗലം മുരുക്കുംപറ്റ, വരോട്, കോതകുറിശ്ശി വഴി വാണിയംകുളത്തെത്തി യാത്ര തുടരണം. കുളപ്പുള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വാണിയം കുളത്തുനിന്ന് തിരിഞ്ഞ് കോതകുറിശ്ശി മുരുക്കുംപറ്റ മംഗലം വഴി പാലക്കാട്ടേക്ക് പോകണം.