
ഒറ്റപ്പാലം: പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സായാഹ്ന പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. 32 പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചാണ് പ്രാരംഭ ഘട്ടത്തിൽ സായാഹ്ന പഠനകേന്ദ്രം നടപ്പാക്കുന്നത്. അമ്പലപ്പാറ (അഞ്ച്), ചളവറ (നാല്), ലെക്കിടി പേരൂർ (അഞ്ച്), വാണിയംകുളം (നാല്), നെല്ലായ (നാല്), വല്ലപ്പുഴ (മൂന്ന്), അനങ്ങനടി (നാല്), തൃക്കടീരി (മൂന്ന്) എന്നിങ്ങനെയാണ് പഞ്ചായത്തുകളിൽ സായാഹ്ന പഠനകേന്ദ്രങ്ങൾ ആരംഭിക്കുക.
നിലവിൽ വിവിധ പഞ്ചായത്തുകളിലായി 20 കേന്ദ്രങ്ങൾ ആരംഭിച്ചതായി ബ്ലോക്ക് എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ ആർ.അരുൺ അറിയിച്ചു. കോളനികൾക്കുള്ളിൽ തന്നെയുള്ള പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളാണ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുന്നത്. ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി ഒരു പഞ്ചായത്ത് ഒരു പഠനകേന്ദ്രത്തിന് 50,000 രൂപ വീതം നീക്കിവെച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത അദ്ധ്യാപകർക്ക് ഓണറേറിയം നൽകുന്നതിന് ബ്ലോക്ക് എസ്.സി.പി ഫണ്ടിൽ നിന്ന് 9,92,000 രൂപ വകയിരുത്തി. നാലുമുതൽ പത്താംതരം വരെയുള്ള കുട്ടികൾക്ക് വൈകിട്ട് അഞ്ചുമുതൽ ആറുവരെയാണ് ക്ലാസുകൾ.