r

ഒറ്റപ്പാലം: പ്രതിസന്ധികൾക്കിടയിൽ തുടർച്ചയായുള്ള നഷ്ടക്കണക്കുകൾക്ക് ശേഷവും കൃഷിയോടുള്ള ഇഷ്ടംകൊണ്ടും ജീവിതമാർഗം തേടിയുമാണ് കർഷകർ രണ്ടാംവിള നെൽക്കൃഷിയിറക്കിയത്. പക്ഷേ, വാണിയംകുളത്തെയും ഒറ്റപ്പാലത്തെയും കൃഷിഭവന്റെ കീഴിലെ കർഷകരുടെ പ്രതീക്ഷകളെല്ലാം തെറ്റി. കാലാവസ്ഥയിലെ മാറ്റം കാരണം പൊന്മണി നെൽവിത്തുപയോഗിച്ച് വിളയിറക്കിയ പാടശേഖരങ്ങളിലെ വയലുകൾ പലതും കാലംതെറ്റി കതിരണിഞ്ഞു. ഇതോടെ പാടശേഖരങ്ങളിലെങ്ങും ചാഴിക്കേടും പതിരുമാണിപ്പോൾ. വാണിയംകുളത്ത് 125 ഹെക്ടറിലും ഒറ്റപ്പാലത്ത് 100 ഹെക്ടറിലുമാണ് പൊന്മണി കൃഷിയത്.

165 ദിവസം കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്ന പൊന്മണി 60 ദിവസം കൊണ്ടാണ് കതിരിട്ടത്. 120 ദിവസങ്ങൾക്ക് ശേഷം വരേണ്ട കതിരാണ് പകുതി ദിവസമായപ്പോൾ തന്നെ കതിരായിട്ടുള്ളത്. കാട്ടുപന്നിശല്യവും ഓലചുരുട്ടിപ്പുഴുവിന്റെ ശല്യവുമൊക്കെ കൃഷിയെ ബാധിച്ചിരുന്നു. ഇതിനുപുറമെയാണ് തുലാവർഷത്തിന്റെ കുറവുമൂലം പാടശേഖരങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയുമുണ്ടായത്.

പാട്ടത്തിനെടുത്തും സ്വന്തം കൃഷിസ്ഥലത്തുമെല്ലാം കൃഷിയിറക്കിയ കർഷകർ ഇതോടെ വലിയ ആശങ്കയിലാണ്. വായ്പയെടുത്തും രാത്രിയും പകലും കഷ്ടപ്പെട്ടുമാണ് പലരും കൃഷിയിറക്കിയത്. കീടപ്രശ്നം പരിഹരിക്കാൻ തന്നെ നല്ലൊരു തുക ആവശ്യമാണ്. കാലംതെറ്റി കതിരായതോടെ ചെലവാക്കിയ തുക പോലും ലഭിക്കാത്ത അവസ്ഥയിലാണ്. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഇത് വൈകരുതെന്നും കർഷകർ പറയുന്നു.

തൃശൂർ കാർഷിക സർവകലാശാലാ സീഡ് ടെക്‌നോളജി വിഭാഗം നൽകിയ വിത്താണ് കർഷകർക്ക് കൃഷിഭവൻ നൽകിയത്. സമയമാകും മുമ്പേ കതിർവന്നത് എന്തുകൊണ്ടെന്ന പരിശോധനയിലാണ് കൃഷിഭവനും. നേരത്തേ ചളവറയിലുണ്ടായ ഇതേ പ്രശ്നം കേരള കാർഷിക സർവകലാശാല അധികൃതർ പരിശോധിച്ചിരുന്നു.

വാണിയംകുളത്തെയും ഒറ്റപ്പാലത്തെയും പാടശേഖരങ്ങളിലും പൊൻമണി നെല്ലുകൾ കാലംതെറ്റി കതിരണിതോടെ കൃഷിയിടങ്ങളിൽ പരിശോധന നടത്തുമെന്ന് കൃഷി ഓഫീസർ പറഞ്ഞു.