k

ഒറ്റപ്പാലം: അവതരണത്തിലും പ്രമേയത്തിലും പുതുമ കണ്ടെത്തി പഴമ ഒട്ടും ചോരാതെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം അവതരിപ്പിച്ച കോൽക്കളി ശ്രദ്ധേയമായി. കോലടക്കവും മെയ്‌വഴക്കവും ഇമ്പമാർന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളും ഒത്തുചേർന്നപ്പോൾ ടീമിന്റെ കോൽക്കളി ആസ്വാദക മനംകവർന്നു.

'മാപ്പിള മലബാറ് മശ്ഹൂറത്താണീ ദാറ്... എന്ന ഷംസദ് എടരിക്കോടിന്റെ വരികൾക്കാണ് ടീം ചുവടുവെച്ചത്. പതിയെ തുടങ്ങി ദ്രുതതാളത്തിലെത്തിയപ്പോൾ കാണികളൊന്നാകെ ഹർഷാരവം മുഴക്കി ആവേശം കൊണ്ടു. മഹറൂഫ് കോട്ടയ്ക്കലാണ് പരിശീലകൻ. 12 ടീമുകൾ മാറ്റുരച്ച മത്സരം സംസ്ഥാന കലോത്സവത്തിന്റെ നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു.