 
അടൂർ : ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവൻ കെ.മേനോൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ''ലഹരിയുടെ കടന്നുകയറ്റത്തിൽ പ്രായം, സാമൂഹ്യ മാദ്ധ്യമങ്ങൾ, സിനിമയും മറ്റു കലാരൂപങ്ങളും എന്നിവയുടെ സ്വാധീനം'' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഏഴ് എക്‌സൈസ് റേഞ്ച് ഓഫീസ് പരിധിയിൽ നിന്നായി രണ്ടു കുട്ടികൾ വീതം അടങ്ങുന്ന ഏഴു ടീമുകൾ ജില്ലാതല ഡിബേറ്റ് മത്സരത്തിൽ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി. പങ്കെടുത്ത ഏഴ് ടീമിലെ 14 അംഗങ്ങൾക്കും വിമുക്തി എന്ന് പ്രിന്റ് ചെയ്ത നോട്ട് ബുക്കുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മത്സരത്തിൽ ഒന്നാം സ്ഥാനം തുമ്പമൺ കീരുകുഴി സെന്റ് ജോൺസ് ഹൈസ്‌കൂളിലെ ഷിഹദാ രാജൻ, നന്ദിദ ലതീഷ് എന്നിവർ ഉൾപ്പെട്ട ടീം നേടി. ഈ ടീമിനെ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.എ. പ്രദീപ്, വിമുക്തി മാനേജർ എസ്.സുനിൽ കുമാരപിള്ള, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ അഡ്വ.ജോസ് കളിക്കൽ, അമൃത വിദ്യാലയം വൈസ് പ്രിൻസിപ്പൽ സുമംഗല എന്നിവർ നേതൃത്വം നൽകി.കുട്ടികളും രക്ഷിതാക്കളും അടക്കം 500 പേർ പങ്കെടുത്തു.