 
തെങ്ങമം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അനുവദിച്ചുകിട്ടിയ വീടിന്റെ പണി തുടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇളംപള്ളിൽ ശ്രീമന്യാഭവനം മായ . പട്ടികജാതി വിഭാഗത്തിൽപ്പെട്ട മായയും മക്കളായ ശ്രീമന്യയും ശ്രീജിത്തും നിലംപൊത്താറായ കൂരയിലാണ് താമസം. അർഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയിൽ ഇടംപിടിക്കാത്ത മായയെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. .തുടർന്ന് വാർഡ് മെമ്പർ ജി.പ്രമോദിന്റെ ശ്രമഫലമായാണ് ലൈഫ് പദ്ധതിയിലൂടെ ആറ് മാസം മുമ്പ് വീട് അനുവദിച്ചത്. വഴിയുടെ പേരിൽ അയൽവാസി നൽകിയ പരാതിയാണ് തടസമായത്. പ്രധാന റോഡിൽ നിന്ന് മായയുടെ വീട്ടിലേക്ക് മൂന്നു മീറ്റർ വീതിയിൽ വഴിയുണ്ട്. വീടിന് മുന്നിലുള്ള മായയുടെ 10 സെന്റ് ഭൂമി നേരത്തെ വിറ്റിരുന്നു. എന്നാൽ തന്റെ വീട്ടിലേക്ക് ഇതുവഴിയുള്ള വഴി മറ്റൊരാളുടെ പുരയിടത്തിൽ കൂടിയുള്ള വഴിയാണ് എന്നു പറഞ്ഞ് സ്റ്റേ ഓർഡർ വാങ്ങുകയിരുന്നെന്ന് മായ പറയുന്നു. തുടർന്ന് മായ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് വീട് പണിയാൻ തുടങ്ങിയെങ്കിലും അയൽവാസികൾ സാങ്കേതികത ചൂണ്ടിക്കാട്ടി തടസപ്പെടുത്തിയെന്നാണ് പരാതി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. റോഡിന്റെ നടുവിൽ കുഴി കുത്തിയതോടെ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. വില്ലേജ് അധികൃതരും തിരിഞ്ഞുനോക്കിയില്ല.വീടുപണി ഉടൻ തുടങ്ങിയില്ലെങ്കിൽ വാങ്ങിയ തുക തിരിച്ചടയ്ക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വീട് നിർമ്മിക്കാൻ സൗകര്യമൊരുക്കണമെന്ന് വാർഡ് മെമ്പർ ജി.പ്രമോദ് ആവശ്യപ്പെട്ടു.