മല്ലപ്പള്ളി : വൃശ്ചികം ഒന്നായ നവംബർ 17 മുതൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വൃശ്ചിക വാണിഭത്തിന് തെള്ളിയൂർക്കാവ് ഒരുങ്ങുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വ്യാപാര - വാണിജ്യമേളയാണ് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക വാണിഭം. ക്ഷേത്ര പ്രവേശം നിഷേധിക്കപ്പെട്ട കാലത്ത് അവർണ സമുദായത്തിൽപ്പെട്ട ഭക്തർ തങ്ങളുടെ അധ്വാന മുതലുകൾ ക്ഷേത്രത്തിനു മുന്നിലെ ആൽത്തറയി കാണിക്കയായി സമർപ്പിച്ചു. ഇത് വാങ്ങുവാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിയതോടെ ഉപ്പുതൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന മേളയായി ഇതു മാറി. പ്രധാനമായും പേരു കേട്ട ഉണക്കമീൻ സ്രാവുകളുടെ വരെ വിപണന കേന്ദ്രമായി. തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ പാട്ടമ്പലത്തിൽ 41 ദിവസത്തെ കളമെഴുതിപ്പാട്ടിനും വാണിഭ ദിനാരംഭത്തിൽ തുടക്കമാകും. കളമെഴുത്തിന് സമാപനമായിട്ടാണ് ഒരാഴ്ചത്തെ തെള്ളിയൂർ പടയണിയും നടക്കുന്നത്. മേളവ്യാപാരമേളാ വാണിഭത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത്തവണ കൂടുതൽ ക്ഷേത്രഭൂമിയും ഒരുക്കുന്നു. ക്ഷേത്രവളപ്പായ 10 ഏക്കർ ഭൂമിയിൽ ഉണ്ടായിരുന്ന റബർ മരങ്ങൾ ടാപ്പിംഗ് കാലാവധി പൂർത്തിയാക്കി മുറിച്ചു മാറ്റിയാണ് വിപണത്തിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. താത്ക്കാലിക കടകൾ കെട്ടാനുള്ള തറയുടെ ലേലവും വാഹന പാർക്കിംഗ് ലേലവും നവംബർ 7ന് രാവിലെ 11.30 ന് ക്ഷേത്ര സന്നിധിയിൽ നടക്കും.