തിരുവല്ല : തകർച്ചയിലായ നിരണം എസ്.ബി.ഐ പടി - കടപ്ര റോഡ് യാത്രക്കാർക്ക് ദുരിതമായി. ഒരു കിലോമീറ്ററിലധികം ദൂരമുള്ള റോഡിന്റെ പലഭാഗത്തും ഏറെനാളായി ടാറിംഗ് പൊളിഞ്ഞു കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം നിറയും. മഴ മാറിയതോടെ ഇപ്പോൾ പൊടിശല്യം രൂക്ഷമായി. കടപ്ര - വീയപുരം ലിങ്ക് ഹൈവേയിൽ നിന്ന് കടപ്രയിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള മാർഗമാണിത്. നിരണം തോട്ടുമട - നിരണം വെസ്റ്റ്, തോട്ടടി, വീയപുരം മേഖലകളിൽ നിന്ന് വരുന്നവർ ഏറെ ആശ്രയിക്കുന്ന റോഡുകൂടിയാണിത്. ദിവസവും നൂറുകണക്കിന് യാത്രക്കാർ ഈ റോഡിലെ നടുവൊടിക്കുന്ന കുഴികളിലൂടെ യാത്ര ചെയ്യുന്നു. അധികൃതരോട് പരാതി പറഞ്ഞു നാട്ടുകാർ മടുത്തു. റോഡിന്റെ തകർച്ച അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. വശങ്ങളിൽ കാടുവളർന്നു തിങ്ങിനിൽക്കുകയാണ്. നിരണം മാർത്തോമ്മാ വിദ്യാപീഠം സ്‌കൂൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ഈ റോഡരുകിലാണ്. അറ്റകുറ്റപ്പണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പരിഹാരമായില്ല. റോഡിന്റെ തകർച്ച പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.