പ്രമാടം : പ്രമാടം പഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മറൂർ പാറക്കടവ് പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കോന്നി സ്വദേശിനിയായ യുവതി പാലത്തിന്റെ കൈവരിയിൽ കയറിയ ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു. പാലത്തിന് താഴെ കുളിച്ചുകൊണ്ടിരുന്നവർ ഉടൻ തന്നെ യുവതിയെ കരയ്ക്ക് കയറ്റിയതിനാൽ ജീവൻ നഷ്ടമായില്ല. പത്തനംതിട്ട പൊലീസ് സ്ഥലത്ത് എത്തി യുവതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇവിടെ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.